ദുബായ്: സഊദി അറേബ്യയുടെയും യുഎഇയുടെയും വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകി. ഗതാഗതം തടസപ്പെട്ടു.

യുഎഇയിലെ റാസല്‍ഖൈമ, ഫുജൈറ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. സഊദിയുടെ വടക്കന്‍ പടിഞ്ഞാറന്‍ പ്രവശ്യ, മധ്യ പ്രവിശ്യകളിലാണ് മഴ പെയ്തത്. അറാര്‍, അല്‍ജൗഫ്, തൈമ, ഉംലജ്, ബദര്‍, അല്‍റൈസ്, യാമ്പു, ഹായില്‍, ജിദ്ദ, മദീന എന്നിവിടങ്ങളിലെല്ലാം മഴയുണ്ടായി. മക്ക, മദീന, ഹായില്‍, അല്‍ഖസീം, വടക്കന്‍ അതിര്‍ത്തി, കിഴക്കന്‍ പ്രവിശ്യ, മധ്യ പ്രവിശ്യ തുടങ്ങിയ മേഖലകളിലെല്ലാം ശക്തമായ കാറ്റും മഴയും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. തണുപ്പു കൂടുന്നതിനു മുന്നോടിയാണ് കാറ്റും മഴയുമെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ഊര്‍ജ-അടിസ്ഥാന സൗകര്യ മന്ത്രാലയവും അറിയിച്ചു.

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ ഒമാന്റെ വിവിധ മേഖലകളിലും കാറ്റും മഴയും ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.