News

2034ലെ ഫിഫ ലോകകപ്പ് ലക്ഷ്യമാക്കി സൗദിയുടെ ‘ആകാശ സ്റ്റേഡിയം’

By webdesk18

October 29, 2025

റിയാദ്: 2034-ലെ ഫിഫ ലോകകപ്പിനായി സൗദി അറേബ്യ വലിയൊരു സ്വപ്ന പദ്ധതിയുമായി മുന്നേറുകയാണ്. രാജ്യത്തിന്റെ ഭാവി നഗരമായ നിയോം ലോകത്തിലെ ആദ്യ ”ആകാശ സ്റ്റേഡിയം” പണിയാനുള്ള പദ്ധതിയുമായി രംഗത്താണ്.

‘നിയോം സ്റ്റേഡിയം’ എന്ന പേരില്‍ 350 മീറ്റര്‍ (ഏകദേശം 1150 അടി) ഉയരത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഈ അതിശയ പദ്ധതി ഏകദേശം 100 കോടി ഡോളര്‍ ചെലവില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

2027ല്‍ നിര്‍മാണം ആരംഭിക്കാനും, 2032 ഓടെ പൂര്‍ത്തിയാക്കി ലോകകപ്പിന് രണ്ടു വര്‍ഷം മുന്‍പ് തന്നെ പ്രവര്‍ത്തനസജ്ജമാക്കാനും പദ്ധതിയുണ്ട്. സ്റ്റേഡിയത്തിന് 46,000 ഇരിപ്പിട ശേഷിയുണ്ടാകും.

2024 ഡിസംബറില്‍ നിയോം അവരുടെ ഔദ്യോഗിക ‘എക്‌സ്’ പേജിലൂടെ ഈ ”മേഘങ്ങള്‍ തൊടുന്ന” സ്റ്റേഡിയത്തിന്റെ ആശയം ആദ്യമായി അവതരിപ്പിച്ചിരുന്നു.

എന്നാല്‍ ഈ അതുല്യ ആശയത്തെ കുറിച്ച് പിന്തുണയും സംശയവുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ച് ഉയരുന്നത്. ആകാശത്ത് ഇത്ര ഉയരത്തില്‍ ലോകകപ്പ് പോലൊരു മത്സരം എങ്ങനെ നടത്തും, സമുദ്രനിരപ്പില്‍നിന്നുള്ള വ്യത്യാസം കളിക്കാര്‍ക്ക് ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കുമോ, ആയിരക്കണക്കിന് കാണികള്‍ എങ്ങനെ മുകളിലേക്ക് പ്രവേശിക്കും എന്നൊക്കെ പലരും ചോദിക്കുന്നത്.

അതേസമയം, സൗദിയുടെ അതിവേഗ സാങ്കേതിക പുരോഗതിയും ഭാവിനഗര പദ്ധതികളും പരിഗണിച്ച്, ഈ പുതിയ ആശയം ”സാഹസികവും ഭാവിയിലേക്ക് തുറക്കുന്ന ചുവടുവെയ്പും” ആണെന്ന് മറ്റുചിലര്‍ വിലയിരുത്തുന്നു.

നിയോം നഗരം ഇതിനകം തന്നെ ”ദ ലൈന്‍”, ”ഓക്‌സഗണ്‍” തുടങ്ങിയ ഭാവിനഗര പദ്ധതികളിലൂടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ്. അതില്‍ ഇപ്പോള്‍ ”നിയോം സ്റ്റേഡിയം” കൂടി ചേര്‍ന്നതോടെ 2034 ലോകകപ്പിന് മുന്‍കൂറായുള്ള സൗദിയുടെ ആധിപത്യം ഉറപ്പാക്കാനാണ് ശ്രമം.