ലക്‌നൗ: കോവിഡ് കാലത്ത് മാതൃകയായി ഉത്തര്‍പ്രദേശില്‍ നിന്നൊരു ഐഎഎസ് ഓഫിസര്‍. കോവിഡ് നോഡല്‍ ഓഫിസറും മോദിനഗര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടുമായ സൗമ്യ പാണ്ഡെയാണ് ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുന്നത്. പ്രസവം കഴിഞ്ഞ് 14 ദിവസത്തിനു ശേഷം അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു സൗമ്യ. കൈക്കുഞ്ഞുമായാണ് സൗമ്യ ഓഫിസിലെത്തിയത്.

‘ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥയാണ്. എന്റെ ജോലിയില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് കാലത്ത് ഉത്തരവാദിത്തങ്ങളുണ്ട്. പ്രസവിക്കാനും കുഞ്ഞിനെ നോക്കാനും സ്ത്രീകള്‍ക്ക് ദൈവം പ്രത്യേക കഴിവുതന്നെ നല്‍കിയിട്ടുണ്ട്. ഗ്രാമങ്ങളിലെ സ്ത്രീകള്‍ പ്രസവശേഷം അധികം വിശ്രമിക്കാന്‍ നില്‍ക്കാതെ വീട്ടുജോലികളടക്കം ചെയ്യും. മൂന്നാഴ്ച മാത്രം പ്രായമുള്ള കുഞ്ഞുമായി ഞാന്‍ എന്റെ ജോലി ചെയ്യുന്നതും അങ്ങനെയാണ്.’ സൗമ്യ പാണ്ഡെ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

‘എന്റെ കുടുംബം എപ്പോഴും ഒപ്പമുണ്ടായിരുന്നു. ഗാസിയാബാദ് ജില്ലാ ഭരണകൂടവും ജില്ലാ മജിസ്‌ട്രേട്ടും അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരും അടക്കം എല്ലാ പിന്തുണയും നല്‍കി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഗാസിയാബാദിലെ കോവിഡ് നോഡല്‍ ഓഫിസറായിരുന്നു ഞാന്‍. സെപ്റ്റംബറില്‍ പ്രസവത്തിനായി 22 ദിവസം അവധിയെടുത്തു. പ്രസവം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.’ എല്ലാ ഗര്‍ഭിണികളും കോവിഡ് കാലത്ത് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും സൗമ്യ മുന്നറിയിപ്പു നല്‍കി. ഇതിനോടകം തന്നെ സൗമ്യ പാണ്ഡെയുടെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.