X

മല്യ രാജ്യം വിടുമെന്നത് എസ്ബിഐ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി ദുഷ്യന്ത് ദവെ

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് കേസില്‍ വിജയ് മല്യ രാജ്യംവിടുന്നത് തടയാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എസ്ബിഐക്ക് നിയമോപദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മല്യ രാജ്യം വിടുമെന്നതു സംബന്ധിച്ച് എസ്ബിഐ അധികൃതര്‍ക്ക് അറിവുണ്ടായിരുന്നു. നിയമോപദേശം നല്‍കിയിട്ടും എസ്ബിഐ അധികൃതര്‍ അത് ചെവികൊണ്ടില്ലെന്ന് ദുഷ്യന്ത് ദവെ കുറ്റപ്പെടുത്തി. മല്യ നാടുവിടുന്നതിന് നാലു ദിവസം മുമ്പാണ് എസ്ബിഐക്ക് ഇത്തരമൊരു നിയമോപദേശം നല്‍കിയത്. 2016 ഫെബ്രുവരി 28ന് (ഞായറാഴ്ച എസ്ബിഐ മാനേജ്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥനുമായി നടത്തിയ യോഗത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞത്.

ഈ യോഗത്തെക്കുറിച്ചും യോഗത്തില്‍ നല്‍കിയ നിയമോപദേശത്തെക്കുറിച്ചും എസ്ബിഐ ചെയര്‍പേഴ്‌സണും സര്‍ക്കാറിലെ മറ്റ് ഉന്നതര്‍ക്കും കൃത്യമായി അറിയാം. എന്നിട്ടും അതിന്മേല്‍ യാതൊരു നടപടിയുമുണ്ടായില്ല. എസ്.ബി.ഐയിലെ നാല് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ബാങ്കിന്റെ നിയമോപദേഷ്ടാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. മല്യ രാജ്യം വിടുന്നത് തടഞ്ഞുകൊണ്ട് ഒരു ഉത്തരവ് നേടുന്നതിന് പിറ്റേന്ന് രാവിലെ 10 മണിക്ക് കാണാമെന്ന് സമ്മതിച്ചാണ് പിരിഞ്ഞത്. എന്നാല്‍ എസ്.ബി.ഐ ഉദ്യോഗസ്ഥര്‍ വന്നില്ലെന്ന് ദവെ പറഞ്ഞു.

chandrika: