X

എസ്.ഡി.പി.ഐയുടെ അവസാനിക്കാത്ത ആക്രമണ പരമ്പര സി.പി.എമ്മിനും സര്‍ക്കാറിനും മൃദുസമീപനം


പേരുകള്‍ തുടരെ മാറ്റി പലപേരുകളില്‍ ദുരൂഹതയില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന എസ്.ഡി.പി.ഐയുടെ അവസാനിക്കാത്ത കൊലപാതക പരമ്പരക്കെതിരെ ജനരോഷം കനക്കുമ്പോഴും സര്‍ക്കാറിന് മൗനം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെ ഇതുവരെ നാലു കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തുളള ഇവരുടെ എസ്.ഡി.പി.ഐ പോപ്പുലര്‍ സംഘത്തിനെതിരെ ശക്തമായ നടപടിക്ക് തയ്യാറാവാത്തതാണ് ചോരക്കൊതി വര്‍ധിപ്പിച്ചത്. തിങ്കളാഴ്ച കണ്ണൂരിലും ചൊവ്വാഴ്ച തൃശൂര്‍ ചാവക്കാട്ടെ നൗഷാദിന്റെയും കൊലപാതകങ്ങളില്‍ എസ്.ഡി.പി.ഐയുടെ പങ്കിലേക്കാണ് അന്വേഷണമെത്തിയത്.
ജമാഅത്തെ ഇസ്്‌ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ 1977ല്‍ നിലവില്‍ വന്ന സിമിയുടെ മുന്‍ നേതാക്കളാണ് വീണ്ടും നിരോധിച്ചതോടെ പുതിയ സംഘടനയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. 1987ല്‍ വിവിധ ജില്ലകളിലെ ചെറു സംഘങ്ങളും തുടര്‍ന്ന് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സും രൂപീകരിച്ചവര്‍ 1993 നവംബറില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന പേര് നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് എന്നാക്കി മാറ്റിയത്. അധ്യാപകന്റെ കൈവെട്ട് കേസ്സ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങളെ തുടര്‍ന്ന് തീര്‍ത്തും ഒറ്റപ്പെട്ടതോടെ പിന്നീട് പലപേരുകളിലായി പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയായുമെല്ലാം രൂപമാറ്റം വരുത്തി.
കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തയച്ചതിന്റെ പേരിലും ഐ.എസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പേരിലും ആരോപണങ്ങള്‍ നേരിടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് ഉള്‍പ്പെടെ 13 പേര്‍ പ്രതികളായ കേസാണ് കശ്മീര്‍ റിക്രൂട്ട്‌മെന്റ്. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ച് കൊച്ചിയിലെ എന്‍ഐഎ കോടതി 2013 ഒക്ടോബറില്‍ ഉത്തരവായിരുന്നു.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ഐ.എസ്സിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാനായിക്കുളം, വാഗമണ്‍ സിമി ക്യാമ്പുകള്‍, നാറാത്ത് കേസ് തുടങ്ങിയവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിലെല്ലാം എത്രത്തോളം വസ്തുതയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അഭിമന്യു (എറണാകുളം മഹാരാജാസ്), നസീറുദ്ദീന്‍ (കുറ്റിയാടി വേളം) എന്നിവക്ക് പുറമെ കണ്ണൂരിലെയും തൃശ്ശൂരിലെയും കൊലകള്‍.
എറണാകുളം മഹാരാജാസ് കോളജില്‍ ഒന്നര വര്‍ഷം മുമ്പ് എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസ്സിലെ ഒന്നാം പ്രതിയായ എസ്.ഡി.പി.ഐ വിദ്യാര്‍ത്ഥി വിഭാഗം നേതാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. മൂന്നു വര്‍ഷം മുമ്പ് കോഴിക്കോട് വേളത്ത് എം.എസ്.എഫ് നേതാവ് നസീറുദ്ദീനെ അറുംകൊല ചെയ്ത എസ്.ഡി.പി.ഐ നേതാക്കളായ പ്രതികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ബിരിയാണി വിളമ്പിയും കുറ്റപത്രം വൈകിപ്പിച്ച് ജാമ്യമൊരുക്കിയും പിണറായി പൊലീസ് വഴിവിട്ട സഹായമാണ് നല്‍കിയത്.
മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവിന്റെ വധത്തിന്റെ നാലാംനാള്‍ തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എസ്.ഡി.പി. ഐ അംഗത്തിന്റെ പിന്തുണയോടെയാണ് പ്രസിഡന്റിനെതിരായ അവിശ്വാസം അതിജീവിച്ച് സി.പി.എം ഗ്രാമപഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ കാലത്താണ് ഇവരുടെ എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേരെ പൊലീസ് കണ്ണടച്ച് സഹായിച്ചത്.
മുസ്്‌ലിംലീഗിനെ ക്ഷീണിപ്പിക്കാനുള്ള ഉപകരണമെന്ന നിലയിലാണ് സി.പി.എം അവരെ പാലൂട്ടിയത്. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു സ്വാധീനമില്ലാത്ത സംഘടനയാണ് എസ്.ഡി.പി.ഐ. മുസ്‌ലിം സമുദായം ഒന്നടങ്കം തള്ളിപ്പറഞ്ഞ സംഘടനക്കെതിരെ മുസ്്‌ലിംലീഗ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സംഘപരിവാറിനെ എതിര്‍ക്കുന്നത് പോലെ എസ്.ഡി.പി.ഐയെയും എതിര്‍ക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ തുറന്ന് എതിര്‍ക്കുമ്പോഴും ഇല്ലാകഥ മെനഞ്ഞ് എസ്.ഡി.പി.ഐക്ക് നിലമൊരുക്കാനാണ് സി.പി.എം ശ്രമിച്ചത്.
തീവ്രവാദ സംഘടനകളുമായുള്ള പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇത്തരം ആളുകളുമായി ഒരു ബന്ധവും പാടില്ലെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയിരുന്നു. ആയുധ പരിശീലനവും തീവ്രപ്രചാരണങ്ങളുമായി അടിമുടി ദുരൂഹമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും പ്രവര്‍ത്തനങ്ങള്‍.
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ എസ്.ഡി.പി.ഐയെ ഒറ്റപ്പെടുത്തുന്നതിനും ശക്തമായ നടപടിക്ക് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും പകരം കോണ്‍ഗ്രസിനെയും മുസ്്‌ലിം ലീഗിനെയും വിമര്‍ശിച്ച് സായൂജ്യമടയുകയാണ് സി.പി.എം. മലപ്പുറം, പൊന്നാനി, വടകര, വയനാട്, കണ്ണൂര്‍, എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ കഴിഞ്ഞ പാര്‍ലെമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും നോട്ടക്കും പിന്നില്‍ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. പല തദ്ദേശ സ്ഥാനങ്ങളിലും ഇപ്പോഴും സഖ്യം തുടരുകയാണ്.

web desk 1: