X

അന്യ സംസ്ഥാന സ്വാശ്രയ കോളജിന്റെ ക്രൂരത; രണ്ടു കൊല്ലമായി പഠിപ്പ് മുടങ്ങിയ ആതിര ചോദിക്കുന്നു ‘എന്റെ സര്‍ട്ടിഫിക്കറ്റുകളെങ്കിലും തിരിച്ചു തരൂ’

വിദ്യാഭ്യാസ കച്ചവടത്തിന്റെ കണ്ണില്ലാത്ത ക്രൂരതക്ക് ഇരയായിപ്പോയതിന്റെ സങ്കടത്തില്‍ കഴിഞ്ഞുകൂടുകയാണ് കഴിഞ്ഞ രണ്ടു കൊല്ലമായി കോഴിക്കോട് ചേളന്നൂര്‍ സ്വദേശിനി ആതിര. നഴ്‌സിങ് പഠിക്കാനുള്ള മോഹത്തില്‍ തമിഴ്‌നാട്ടിലെ ശ്രീനിവാസ കോളജില്‍ അഡ്മിഷനെടുത്തതു മുതല്‍ തുടങ്ങിയതാണ് ആതിരയുടെ ദുരിതം. കോളജിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ കൊടിയ പീഡനങ്ങളും സ്ഥാപനത്തിന്റെ നിരുത്തരവാദപരമായ സമീപനവും മൂലം മൂന്നു മാസം പോലും ആതിരക്ക് ശ്രീനിവാസ കോളജില്‍ തുടരാനായില്ല. ഗതികെട്ട് ഇറങ്ങിപ്പോന്നതിനെ പ്രതി സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം സ്ഥാപനത്തില്‍ കുടുങ്ങിയിരിക്കുന്നു. തിരിച്ചു തരണമെങ്കില്‍ അഞ്ചു വര്‍ഷത്തെ ഭീമമായ ഫീസ് അടവാക്കണമെന്ന് സ്ഥാപന അധികാരികള്‍. ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ടു കൊല്ലമായി പഠിപ്പു മുടങ്ങി വീട്ടില്‍ ഇരിക്കുകയാണ് ആതിര.

നഴ്‌സാവാനുള്ള ആഗ്രഹം മനസില്‍ വെച്ച് വളരെ സന്തോഷത്തോടെയായിരുന്നു ശ്രീനിവാസ കോളജില്‍ അഡ്മിഷന്‍ എടുത്തതെന്ന് ആതിര പറയുന്നു. പ്ലേസ്‌മെന്റും യു.ജി.സി അംഗീകാരവും എല്ലാം പരിശോധിച്ച ശേഷമാണ് ഈ കോളജില്‍ ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാഗിങ്ങും മറ്റു പലതരത്തിലുള്ള പീഡനങ്ങളും മൂലം വല്ലാതെ കഷ്ടപ്പെട്ടു. പല വട്ടം പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും പറ്റിയില്ല. പ്രിന്‍സിപ്പലിനെ കണ്ട് പരാതി പറഞ്ഞെങ്കിലും ഇതിവിടെ സര്‍വസാധാരണമാണെന്നായിരുന്നു മറുപടി. അതോടെ കോഴ്‌സ് തുടരാനാവില്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. മൂന്നു മാസം പോലും തികച്ചു നില്‍ക്കാന്‍ പറ്റിയില്ല-ആതിര പറയുന്നു.

പിന്നീട് സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു ചോദിച്ചെങ്കിലും അഞ്ചു കൊല്ലത്തെ ഫീസ് അടക്കാതെ നല്‍കാനാവില്ലെന്നായിരുന്നു മറുപടി. രക്ഷിതാക്കളെ കൂട്ടിക്കൊണ്ടു പോയി പ്രിന്‍സിപ്പലിന്റെ കാലു പിടിച്ചു ചോദിച്ചെങ്കിലും തന്നില്ല. നിവൃത്തിയില്ലാതെ കേരളത്തിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കണ്ടെങ്കിലും കേരളത്തിനു പുറത്തായതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് കിട്ടിയത്.

സംഭവത്തെ സംബന്ധിച്ച് തമിഴ്‌നാട് പൊലിസിലും കേരള പൊലീസിലും പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു തീര്‍പ്പുണ്ടായില്ലെന്നും ആതിരയുടെ കുടുംബം സങ്കടത്തോടെ അറിയിക്കുന്നു.

web desk 1: