കോഴിക്കോട്: ശബരിമല ഉള്‍പ്പെടയുളള ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാകണമെന്നും ബാഹ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം എടുത്ത കളഞ്ഞ സുപ്രീം കോടതി വിധിയില്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ നിലപാടുകളാണ് പ്രതിഫലിച്ചത്. ഇക്കാര്യത്തില്‍ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഗണിച്ച് അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പവിത്രം എന്നു കരുതുന്ന സ്ഥലങ്ങളില്‍ അതാരുടേതായാലും അവിടെ ആരു ചെല്ലണമെന്നതും എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നതും അവരുടെ കാര്യമാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തി നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കം കോടതി വിധിയെ സ്വാധീനിച്ചിട്ടുണ്ട്.

ദേശീയ പാതയോരത്തെ മദ്യ ശാലകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ട കോടതി വിധിയെ അന്നു പാതയുടെ പേര് മാറ്റിയും റിവ്യൂ പെറ്റീഷന്‍ നല്‍കിയും സര്‍ക്കാര്‍ എങ്ങിനെയാണ് കൈകാര്യം ചെയ്തതെന്ന് കണ്ടതാണ്. വൈരുദ്ധ്യാധിഷ്ഠിത ഭൗതികതയില്‍ വിശ്വസിക്കുന്നവരെന്ന് മേനി പറയുന്നവര്‍ ഈശ്വര വിശ്വാസികള്‍ക്കെതിരെ കോടതി വിധികളുടെ മറവില്‍ ധൃതിപിടിച്ച് മുന്നോട്ടു പോകുന്നത് ദുഷ്ടലാക്കാണ്. സുപ്രീം കോടതി വിധിച്ചതാണെന്ന തരത്തില്‍ ശബരി മലയില്‍ പ്രായഭേതമന്യെ എല്ലാവരെയും എത്തിക്കുമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാറിന് വിശ്വാസികളുടെ ചെറുത്തു നില്‍പ്പിന് മുമ്പില്‍ തിരുത്തേണ്ടിവരും.

വിശ്വാസികളുടെ വികാരം വൃണപ്പെടുത്തി മുന്നോട്ടു പോകുന്ന ഭരണകൂടങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലത്തോ മുമ്പോ ഉണ്ടായിട്ടില്ല. മര്‍ക്കട മുഷ്ടി ഒഴിവാക്കി മഹാ ഭൂരിപക്ഷം വിശ്വാസികളെ മുഖവിലക്കെടുത്ത് ഇക്കാര്യത്തില്‍ അപ്പീല്‍ പോവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ശബരി മലയുമായി ബന്ധപ്പെട്ട വിഷയം യു.ഡി.എഫ് ചേര്‍ന്ന് ചര്‍ച്ച ചെയ്യണം. വിശ്വാസത്തിനും ആചാരങ്ങള്‍ക്കുമെതിരെ കടന്നു കയറുന്ന കോടതി വിധികള്‍ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

മത വിരുദ്ധരും നിരീശ്വര വാദികളുമായ ന്യൂന പക്ഷത്തിന് അതില്‍ ആഹ്ലാദമുണ്ടാവും. സ്വവര്‍ഗ രതിക്കും ഭാര്യാ ഭര്‍ത്താക്കന്മാരുടെ പരലൈംഗികതക്കും അനുമതി നല്‍കുന്ന കോടതി വിധികള്‍ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിപ്പിക്കുന്നതാണ്. ഇസ്്‌ലാമില്‍ പള്ളികള്‍ക്ക് പ്രാധാന്യമില്ലെന്ന് വിധിച്ചതിന്റെ പിറ്റേന്ന് ശബരിമലയില്‍ വിശ്വാസത്തെക്കാള്‍ മറ്റുള്ള താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് പറയുന്നതും ഗൗരവത്തില്‍ കാണണം. വിധിയെ ആദ്യം സ്വാഗതം ചെയ്ത ആര്‍.എസ്.എസും ബി.ജെ.പിയും പിന്നീട് മാറ്റിപറഞ്ഞത് ഇരട്ടത്താപ്പിന്റെ തെളിവാണ്.

പള്ളികളിലും അമ്പലങ്ങളിലും ആരെ പ്രവേശിപ്പിക്കണമെന്നത് അവരവരുടെ വിശ്വാസത്തിന്റെ കാര്യമാണ്. നിയമത്തില്‍ പോരായ്മകളുണ്ടെങ്കില്‍ അതു ചര്‍ച്ച ചെയ്യേണ്ടത് പാര്‍ലമെന്റും അസംബ്ലികളുമാണ്. നിയമം വ്യാഖ്യാനിക്കേണ്ട ജോലിയാണ് കോടതികള്‍ക്കുള്ളത്. വിശ്വാസ ആചാരങ്ങള്‍ക്കെതിരെ ഭരണകൂട ഇംഗിതങ്ങള്‍ക്ക് അനുസൃതമായി കോടതി വിധികള്‍ ഉണ്ടാകാന്‍ പാടില്ല. ഇപ്പോഴത്തെ നീക്കങ്ങള്‍ തിരശ്ശീലക്ക് പിന്നില്‍ നിന്ന് ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന നിരീക്ഷണങ്ങള്‍ തള്ളിക്കളയേണ്ടതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.