തിരുവനന്തപുരം: വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാരിന് മുന്‍ഗണനയെന്നും ആക്റ്റിവിസ്റ്റുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്ന് രാവിലെ രണ്ട് യുവതികള്‍ പൊലീസ് സംരക്ഷണത്തില്‍ നടപ്പന്തലില്‍ എത്തിയ സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ശക്തി തെളിയിക്കാനുള്ള ശ്രമമായുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിന് സര്‍ക്കാര്‍ പിന്തുണക്കില്ല. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ എത്തിയാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും പറഞ്ഞു. ഭക്തരായുള്ള ആളുകള്‍ വന്നാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ആക്ടിവിസ്റ്റുകളാണ് സന്നിധാനത്തേക്ക് പോകാന്‍ ഇന്ന് എത്തിയതാണെന്ന ആണ് മനസിലാക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചു വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നിയമ വിധേയമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ്. അതുകൊണ്ടാണ് വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷാ നല്‍കുന്നത്. പ്രതിഷേധമല്ല ഇന്ന് മടങ്ങാന്‍ പറയാന്‍ കാരണം. മല കയറാന്‍ എത്തുന്ന ആളുകളുടെ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും കടകംപള്ളി വിശദമാക്കി.