അഹമ്മദ് ഷരീഫ് പി.വി

ബംഗളൂരു: ശാന്തി നഗര്‍ മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ മലയാളിയായ എന്‍.എ ഹാരിസിനെ തേടി എല്ലാനഗര്‍ കോളനിയിലെത്തുമ്പോള്‍ തമിഴ്‌നാട്ടിലെത്തിയ പ്രതീതി. മൊത്തം ഒരു തമിഴ്മയം. വോട്ടര്‍മാരോട് എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ചുറ്റിലും ഉയര്‍ന്നു നില്‍ക്കുന്ന മൂന്നും നാലും നിലകളുള്ള ഫ്‌ളാറ്റുകള്‍ ചൂണ്ടിയായിരുന്നു മറുപടി. ഇത് സര്‍ക്കാര്‍ ഫണ്ട് കൊണ്ട് തങ്ങള്‍ക്ക് പ്രദേശത്തെ എം.എല്‍.എ കെട്ടിയ വീടുകളാണെന്ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മഞ്ചുനാഥിന്റെ സാക്ഷ്യം. എന്തിന് ബി.ജെ.പി വിട്ടുവെന്ന ചോദ്യത്തിന് ഇതെല്ലാം കാരണമെന്ന് മറുപടി. 10 വര്‍ഷം മുമ്പ് റിലീഫ് പ്രവര്‍ത്തനത്തിനായി എല്ലാ നഗറിലെത്തുമ്പോള്‍ മുട്ടോളം ചെളിനിറഞ്ഞ ചേരിയായിരുന്നു ഇവിടമെന്ന് ബംഗളൂരു കെ.എം.സി.സി അധ്യക്ഷന്‍ നൗഷാദും പറഞ്ഞു. ഇന്ന് സ്ഥിതിയാകെമാറി.

റോഡുകളായി മിക്കവര്‍ക്കം സര്‍ക്കാര്‍ ഫ്‌ളാറ്റുകള്‍. തമിഴിലും കന്നഡയിലുമായി എന്‍ ഹാരിസ് വോട്ടര്‍മാരോട് മണ്ഡലത്തില്‍ ചെയ്ത കാര്യങ്ങള്‍ പറയുമ്പോള്‍ നിലക്കാത്ത കയ്യടികള്‍. പൊതുയോഗ സ്ഥലത്ത് കൂടിയവരില്‍ അധികവും സ്ത്രീകള്‍. ഇത്തവണ എന്‍.എ ഹാരിസ് ജയിക്കുമോ എന്ന ചോദ്യത്തിന് മുനിയാണ്ടി എന്ന വോട്ടറുടെ മറുപടി ഇങ്ങനെ അണ്ണാ ഇവിടെയുള്ളവര്‍ മനുഷ്യരാണെന്ന് ഇപ്പോഴാണ് തോന്നി തുടങ്ങിയത്. ഹാരിസ് അണ്ണ റൊമ്പ നല്ലവര്. എതു വന്നാലും വോട്ട് അവര്‍ക്ക് പോടും. കണ്ടിപ്പ അവര് ഇത്തവണ വോട്ട് ജാസ്തി വാങ്ങും. ഇത് തന്നെയാണ് എന്‍.എ ഹാരിസിന് മണ്ഡലത്തിലെ പ്രതീക്ഷകള്‍ വാനോളം ഉയരാന്‍ കാരണവും ഇത് തന്നെ. ചെയ്ത പ്രവൃത്തികള്‍ ചൂണ്ടിയാണ് താന്‍ വോട്ടു ചോദിക്കുന്നത്. തന്നെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ മകനായും സഹോദരനായുമൊക്കെ കാണുന്നു എന്തു കൊണ്ടും ജയിക്കും അദ്ദേഹം ചന്ദ്രികയോട് പറഞ്ഞു. കഴിഞ്ഞതവണത്തേതിനേക്കാള്‍ പ്രതീക്ഷ കൂടുതലാണ് ഇത്തവണയെന്നും മോദിയും അമിത് ഷായും എന്തു പറഞ്ഞാലും കന്നഡികര്‍ അതൊന്നും വിലക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരു പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി നടത്തിയ സര്‍വേയില്‍ 100ല്‍ 84 മാര്‍ക്ക് നേടി മികച്ച എം.എല്‍.എ എന്ന ഖ്യാതി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 10 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹാരിസിനെ അടുത്ത മന്ത്രിയായാണ് വോട്ടര്‍മാരില്‍ പലരും വിശേഷിപ്പിക്കുന്നത്. വ്യവസായ ഗ്രൂപ്പായ നാലപ്പാട് ഗ്രൂപ്പിന്റെ ചെയര്‍മാനും കാസര്‍കോട് കീഴുര്‍ സ്വദേശിയും മലബാര്‍ മുസ്്‌ലിം അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഭദ്രാവനം മുനിസിപ്പല്‍ ചെയര്‍മാനുമായ ഹാരിസിന്റെ പിതാവ് ഡോ. എന്‍.എ മുഹമ്മദും അദ്ദേഹത്തോടൊപ്പം പ്രചാരണ സ്ഥലങ്ങളിലെത്തുന്നുണ്ട്.

ചേരിയും നഗരവും ഒരുപോലെ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ഹാരിസിന്റെ മകനെതിരായ കേസുയര്‍ത്തിയാണ് എതിരാളികള്‍ വോട്ടു തേടുന്നത്. എന്നാല്‍ മണ്ഡലത്തില്‍ ഇതൊരു വിഷയമേ അല്ലെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. ടാര്‍പോളിന്‍ ഷീറ്റ് മേഞ്ഞ കുടിലുകളുണ്ടായിരുന്ന സ്ഥാനത്ത് ഫ്‌ളാറ്റും റോഡും തെരുവു വിളക്കും എത്തിച്ച എം.എല്‍.എയെക്കാളും മറ്റാരെ വിശ്വസിക്കുമെന്നാണ് ഇവരുടെ ചോദ്യം. കോടീശ്വരനായ ശ്രീധര റെഡ്ഢിയാണ് ഇവിടെ ജെ.ഡി.എസിന് വേണ്ടി മത്സരിക്കുന്നത്. കൂറുമാറ്റവും കൂടുമാറ്റവും അടിക്കടി നടത്തുന്ന എതിരാളികളുടെ പൊള്ളത്തരം തുറന്ന് കാണിച്ചു കൊണ്ടാണ് ഹാരിസ് പ്രചരണം മുന്നോട്ടു കൊണ്ടു പോകുന്നത്. ബംഗളൂരു മഹാപാലിക ഡെപ്യൂട്ടി ചെയര്‍മാന്‍ വാസുദേവനാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഒരു മാറ്റം ജനം ആഗ്രഹിക്കുന്നുവെന്നും ബി.ജെ.പി ജയിക്കുമെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.