ന്യൂഡല്‍ഹി: പെരിയാര്‍ ഇവി രാമസ്വാമിയുടെ ഗ്രാഫിക് ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സാമൂഹിക നീതിക്കു വേണ്ടി നിലകൊണ്ട ഈ താടിയെ ആഘോഷിക്കൂ എന്ന കുറിപ്പും പെയിന്റിങിനൊപ്പമുണ്ട്. മോദിയുടെ ജന്മദിനത്തിലാണ് തരൂരിന്റെ ഒളിയമ്പ്.

നേരത്തെ, മോദിയുടെ താടിയുടെ ചിത്രം പങ്കുവച്ച് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ച്ച കാണാനായത് ഇവിടെ മാത്രം എന്ന് തരൂര്‍ പറഞ്ഞിരുന്നു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ താഴോട്ടു പോക്ക് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ ട്വീറ്റ്.

ഇന്ന് രാവിലെ എല്ലാവര്‍ക്കും വികസനം എത്തിക്കാന്‍ മോദിക്കാകട്ടെ എന്ന് തരൂര്‍ ആശംസിച്ചിരുന്നു. ‘സന്തോഷകരമായ ജന്‍മദിനം ആശംസിക്കുന്നു. ആരോഗ്യത്തോടെ വിജയകരമായി ഇനിയും നിരവധി വര്‍ഷം രാജ്യത്തെ സേവിക്കാന്‍ അങ്ങേക്കാവട്ടെ. കൂടുതല്‍ വിജയകരമായി വികസനം നടപ്പാക്കാനും എല്ലാവരിലും എത്തുന്ന യഥാര്‍ത്ഥ വികസനം കൊണ്ടുവരാനും അങ്ങേക്കാവട്ടെ എന്ന് ആശംസിക്കുന്നു’ – എന്നാണ് തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.