ന്യൂഡല്‍ഹി: അന്തരിച്ച ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിതിന്റെ സംസ്‌കാരചടങ്ങുകള്‍ നടന്നു. നിഗംബോധ് ഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. കനത്ത മഴയെ വകവയ്ക്കാതെ ആയിരക്കണക്കിന് പേര്‍ പ്രിയനേതാവിന് അന്ത്യമൊഴിയേകാനെത്തി. രണ്ട് മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിന് ശേഷം എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് വിലാപയാത്രയായാണ് മൃതദേഹം നിധംബോധ്ഘട്ടിലെത്തിച്ചത്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിങ്, മോത്തിലാല്‍ വോറ, എ.കെ ആന്റണി തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. സംസ്ഥാനത്തെ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ഇ.ചന്ദ്രശേഖരനുമെത്തി. മലയാളികള്‍ക്ക് എന്നും പ്രത്യേക പരിഗണന നല്‍കിയ ഷീലാ ദീദിയെ കുറിച്ചുള്ള ഓര്‍മകള്‍ ഡല്‍ഹി മലയാളികളും പങ്കുവച്ചു.

മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ.അഡ്വാനി, സുഷമ സ്വരാജ്, നാഷ്ണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികില്‍സയിലായിരുന്നെങ്കിലും അവസാനനിമിഷം വരെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അന്ത്യം.