യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരക്കടലാസ് കടത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ ചിലതില്‍ പൊലീസ് കണ്ടെത്തിയത് പ്രണയലേഖനവും ഇംഗ്ലീഷിലെഴുതിയ സിനിമാപാട്ടുകളും.

പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍ വരുമ്പോള്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്. പരീക്ഷാ ചുമതലയുള്ളവരുടെ കണ്ണില്‍പ്പൊടിയിടാന്‍ ഹാളില്‍ വെച്ച് ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാര്‍ക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്.

നേരത്തെ കന്റോണ്‍മെന്റ പൊലീസ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് 16 കെട്ട് ഉത്തരക്കടലാസുകള്‍. ഇത് സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റി കോളേജിന് നല്‍കിയതാണെന്ന് നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു. കെട്ടുകളില്‍ ഒന്ന് എസ്എഫ്‌ഐ നേതാവായിരുന്ന പ്രണവിന് നല്‍കിയതാണെന്ന വിവരവും കോളേജ് അധികൃതര്‍ പൊലീസിന് കൈമാറി.