മുംബൈ: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കേസിലെ പ്രതികളിലൊരാളായ നവീന്‍ ദലാലിനാണ് ശിവസേന സീറ്റ് നല്‍കിയിരിക്കുന്നത്. ഹരിയാനയിലെ ബഹദുര്‍ഗഡില്‍ നിന്നാണ് നവീന്‍ ദലാല്‍ ശിവസേന സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഒക്ടോബര്‍ 21-നാണ് തെരഞ്ഞെടുപ്പ്.

ആറുമാസം മുമ്പാണ് ദലാല്‍ ശിവസേനയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13-നാണ് ഉമര്‍ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചത്. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് സമീപത്തുവെച്ചാണ് ഖാലിദിനു നേരെ ആക്രമണമുണ്ടായത്. ദലാലും ദര്‍വേഷ് ഷാപുര്‍ എന്ന യുവാവും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. നിറതോക്കുമായി എത്തിയ പ്രതികള്‍ ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റി വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഖാലിദ് താഴെ വീഴുകയും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു.

ആക്രമണത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ദലാലിന്റെ പ്രതികരണം. സംഭവത്തെ കുറിച്ച് പിന്നീട് സംസാരിക്കാമെന്നും ദലാല്‍ പറഞ്ഞു.