കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഐഎ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. സ്വപ്‌ന സുരേഷിനെയും എന്‍ഐഎ ഓഫീസിലെത്തിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

സ്വപ്‌ന സുരേഷിനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എന്‍ഐഎ ഇത്തവണ വിളിപ്പിച്ചതെന്നാണ് വിവരം. ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ചതിന് ശേഷമാണ് വീണ്ടും ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളും സ്വപ്‌നയുടെ ഡിലീറ്റ് ചെയ്ത വാട്‌സ് ആപ്പ് ചാറ്റുകളും ശേഖരിച്ചപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

സ്വപ്‌നയുടെ എന്‍ഐഎ കസ്റ്റഡി നാളെ അവസാനിക്കാനിരിക്കെയാണ് ഇന്ന് ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യുന്നത്. ഇരുവരേയും വെവ്വേറെ ചോദ്യം ചെയ്തപ്പോള്‍ കണ്ടെത്തിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും ഇന്ന് പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.