കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയെ വിമര്‍ശിച്ച് ശിവസേന. മുന്‍ പ്രധാനമന്ത്രിമാരായ ജവാഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുള്‍പ്പെടെ കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ സൃഷ്ടിച്ച സംവിധാനമാണു ദുഷ്‌കരമായ ഈ സമയത്തു രാജ്യത്തെ അതിജീവിക്കാന്‍ സഹായിക്കുന്നതെന്ന് ശിവസേന ചൂണ്ടിക്കാട്ടി. നെഹ്റു-ഗാന്ധി കുടുംബം സൃഷ്ടിച്ച സംവിധാനത്തിലാണ് ഇന്ത്യ നിലനില്‍ക്കുന്നത്. നിരവധി പാവപ്പെട്ട രാജ്യങ്ങള്‍ ഇന്ത്യയ്ക്കു സഹായം വാഗ്ദാനം ചെയ്യുന്നു. നേരത്തേ പാകിസ്താന്‍, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങള്‍ മറ്റുള്ളവരുടെ സഹായം തേടിയിരുന്നു. എന്നാല്‍ ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ കാരണം ഇന്ത്യ ഇപ്പോള്‍ ആ അവസ്ഥയിലൂടെ കടന്നുപോവുകയാണ്. പാവപ്പെട്ട രാജ്യങ്ങള്‍ അവര്‍ക്കാവുംവിധം ഇന്ത്യയെ സഹായിക്കുന്നു. അതേസമയം, 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറല്ല. ബംഗ്ലദേശ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നതില്‍ ആര്‍ക്കും ഖേദവുമില്ല -മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്‍ ശിവസേന വിമര്‍ശിച്ചു.