സംവിധായകന്‍ കമലിനെതിരെ ബിജെപി നേതാവ് ശോഭാസുരേന്ദ്രനും രംഗത്ത്. ദേശീയതയെ ആരെതിര്‍ത്താലും നയം ഇതായിരിക്കുമെന്ന് ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

ദേശീയതയ്ക്ക് എതിരായ നിലപാട് ആരു സ്വീകരിച്ചാലും ബിജെപി നയം ഇതായിരിക്കുമെന്നും കമലിനേക്കാളും ബുദ്ധിയും കഴിവുമുള്ളവര്‍ വന്നാലും ഈ നിലപാടില്‍ മാറ്റമില്ലെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. നേരത്തെ കമലിനെതിരെ ബിജെപി മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കമലിന് ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ പാക്കിസ്താനിലേക്ക് പോകണമെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസ്താവന.

തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയഗാനത്തെച്ചൊല്ലി വിവാദമുയര്‍ന്നിരുന്നു. ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ കമല്‍ വിമര്‍ശനവുമായെത്തിയതാണ് ബിജെപിക്കാരെ ചൊടിപ്പിച്ചത്. പിന്നീട് കമലിന് പിന്തുണയുമായി വിവിധ രംഗത്തെ പ്രമുഖരും രംഗത്തെത്തി. ഇന്നലെ കമലിന്റെ ജന്‍മനാടായ കൊടുങ്ങല്ലൂരിലും കമലിന് പിന്തുണ അര്‍പ്പിച്ച് കൂട്ടായ്മ നടന്നിരുന്നു.