ആള്‍വാര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്താരോപിച്ച് യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. അക്ബര്‍ ഖാന്‍ എന്ന വ്യക്തിയെയാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ അടിച്ചു കൊന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആസ്പത്രിയിലെത്തിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

എഫ്.ഐ.ആര്‍ പ്രകാരം അര്‍ധരാത്രി 12.41 നാണ് അക്ബര്‍ ഖാന്‍ അക്രമിക്കപ്പെട്ട വിവരം പൊലീസിനെ വിളിച്ചറിയിക്കുന്നത്. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് പശുക്കളെ 10 കിലോ മീറ്റര്‍ അകലെയുള്ള സുരക്ഷിത സ്ഥലത്ത് എത്തിക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. അക്ബര്‍ ഖാന്‍ വേദനകൊണ്ട് പുളയുമ്പോള്‍ പൊലീസുകാര്‍ സമീപത്തെ കടയില്‍ നിന്ന് ചായ കുടിക്കുകയായിരുന്നു. തുടര്‍ന്ന് അക്ബര്‍ ഖാനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് പൊലീസുകാര്‍ അക്ബര്‍ ഖാനെ മര്‍ദിച്ചെന്നും ആരോപണമുണ്ട്. അക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ നാല് മണിക്കാണ് അക്ബര്‍ ഖാനെ പൊലീസ് സ്റ്റേഷന് അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചത്. അപ്പോഴേക്കും അയാള്‍ മരണപ്പെട്ടിരുന്നു.

കേസില്‍ ഇതുവരെ മൂന്നുപേര്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ഹരിയാന സ്വദേശിയായ അക്ബര്‍ ഖാനും അദ്ദേഹത്തിന്റെ സുഹൃത്തും രണ്ട് പശുക്കളെയുമായി നില്‍ക്കുമ്പോള്‍ പശുക്കളെ മോഷ്ടിച്ചതാണെന്നാരോപിച്ച് ആള്‍ക്കൂട്ടം അക്രമിക്കുകയായിരുന്നു. ഇയാളുടെ സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ആള്‍വാറില്‍ പെഹലുഖാന്‍ എന്ന വ്യക്തിയെ പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം അടിച്ചുകൊന്നിരുന്നു.