തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ സീനിയര്‍ ഡോക്ടര്‍മാരുടെ അഭാവത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറക്കല്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ”മൂന്നോ നാലോ ഡോക്ടര്‍മാരെ ആശ്രയിച്ചാണ് വലിയ ഡിപ്പാര്‍ട്മെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ആശുപത്രികളുടെ നിലവാരം ഉയരണമെങ്കില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ അനിവാര്യമാണ്,” അദ്ദേഹം പറഞ്ഞു.
ഡിഎംഇ ഓഫീസിലേക്ക് കെജിഎംസിടിഎ നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു ഹാരിസ്. ”പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നത് നല്ലതാണ്. എന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ മാത്രം മതിയല്ല. ജില്ലാ, താലൂക്ക് ആശുപത്രികളും ട്രോമ കെയര്‍ സെന്ററുകളും ശക്തിപ്പെടുത്തണം,” അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാരുടെ വേതനം വളരെ കുറഞ്ഞതാണെന്നും, സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍ തുക വാഗ്ദാനം ചെയ്യുന്നതിനാല്‍ പുതിയ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് വരാന്‍ താല്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതുകൊണ്ട് കാര്യമില്ല. നിയമനം കൃത്യമായി നടത്തണം. അല്ലാതെ ഒരു മെഡിക്കല്‍ കോളേജില്‍നിന്നും ഡോക്ടര്‍മാരെ മറ്റൊരിടത്തേക്ക് മാറ്റുകയല്ല വേണ്ടത്. പൊതുജനാരോഗ്യം മെച്ചപ്പെടണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തില്‍നിന്നാണ് ഇക്കാര്യങ്ങളെല്ലാം ആവര്‍ത്തിച്ച് പറയുന്നതെന്നും” ഹാരിസ് വ്യക്തമാക്കി.
”പുതിയ കോളേജുകള്‍ തുടങ്ങുമ്പോള്‍ അവിടേക്ക് നേരിട്ട് നിയമനം വേണം. തട്ടിക്കൂട്ട് രീതിയില്‍ നിയമനം നടത്തിയാല്‍ ഭാവിയില്‍ തട്ടിക്കൂട്ട് ഡോക്ടര്‍മാരും ചികിത്സയും മാത്രമേ ലഭ്യമാകൂ. അത് അനുവദിക്കരുത്,” അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിദേശത്ത് പഠിച്ച് വരുന്ന പല വിദ്യാര്‍ത്ഥികളുടെയും നിലവാരം വളരെ താഴ്ന്നതാണ് എന്നും ഹാരിസ് വിമര്‍ശിച്ചു. ”പരിശീലനത്തിന് വരുന്ന ഇവര്‍ക്ക് സ്റ്റിച്ച് ഇടാനോ, മരുന്നിന്റെ ശരിയായ ഡോസ് കണക്കാക്കാനോ, രക്തസാമ്പിള്‍ എടുക്കാനോ പോലും അറിയാത്ത സ്ഥിതി നിലനില്‍ക്കുന്നു. മുതിര്‍ന്ന ഡോക്ടര്‍മാര്‍ തന്നെ ഇതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.