രാംനഗര്‍: അക്രമാസക്തരായി അടിച്ചുകൊല്ലാനെത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് മുസ്‌ലിം യുവാവിനെ സിഖുകാരനായ പൊലീസ് ഓഫീസര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ നൈനിത്താള്‍ ജില്ലയിലാണ് സംഭവം. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിനു സമീപം ഹിന്ദു പെണ്‍കുട്ടിക്കൊപ്പം കാണപ്പെട്ട മുസ്‌ലിം യുവാവിനെയാണ് സംഘ് പരിവാര്‍ അണികളെന്ന് സംശയിക്കുന്നവര്‍ കൂട്ടംചേര്‍ന്ന് മര്‍ദിക്കാനാരംഭിച്ചത്. എന്നാല്‍ ഗഗന്‍ദീപ് സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുകയും യുവാവിനെ സ്വന്തം മാറോട് ചേര്‍ത്തുപിടിച്ച് രക്ഷപ്പെടുത്തുകയുമായിരുന്നു. ഉത്തരാഖണ്ഡ് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറാണ് ഗഗന്‍ദീപ്.

നാഷണല്‍ പാര്‍ക്കിലും സമീപത്തുള്ള നദിക്കരയിലുമായി വിദ്യാര്‍ത്ഥികളും യുവാക്കളുമടക്കം നിരവധി പേരാണ് ദിവസവും എത്താറുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ ഹിന്ദു യുവതിക്കൊപ്പം കാണപ്പെട്ട മുസ്‌ലിം യുവാവിനെ കാവി മഫഌറുകള്‍ അണിഞ്ഞെത്തിയ ചിലര്‍ പിടികൂടുകയായിരുന്നു. യുവാവിന്റെ ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് ഇയാള്‍ മുസ്‌ലിം ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാള്‍ക്കൊപ്പം വന്നതിന് പെണ്‍കുട്ടിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.

അന്‍പതോളം പേര്‍ വരുന്ന ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിക്കാന്‍ ആരംഭിച്ചതോടെയാണ് എസ്.ഐ ഗഗന്‍ദീപ് സിങ് രംഗത്തെത്തിയത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ മുന്നോട്ടുവന്ന അദ്ദേഹം യുവാവിനെ അക്രമികളില്‍ നിന്ന് രക്ഷിക്കുകയും പൊലീസ് ജീപ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഗഗന്‍ദീപ് സിങ് ശരീരത്തോട് ചേര്‍ത്തുപിടിച്ചപ്പോഴും ചിലര്‍ യുവാവിനെ മര്‍ദിക്കുന്നുണ്ടായിരുന്നു.

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം ഡെറാഡൂണില്‍ മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള കടകള്‍ ഹിന്ദുത്വ സംഘടനകള്‍ തല്ലിത്തകര്‍ത്തിരുന്നു.