മുംബൈ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നിങ്ങള്‍, നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് രക്തംപുരണ്ട സാനിറ്ററി നാപ്കിനുകള്‍ അയച്ചുകൊടുക്കുമോ എന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ മന്ത്രി ചോദിച്ചു.

എല്ലാവര്‍ക്കും പ്രാര്‍ഥിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അശുദ്ധമാക്കാനുള്ള അവകാശമില്ല. കേന്ദ്രമന്ത്രിയെന്ന നിലക്ക് സുപ്രീംകോടതി വിധിയെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ തനിക്ക് കഴിയില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. എന്നാല്‍ ഒരു കാര്യം പറയട്ടേ, ആരെങ്കിലും ചോരപുരണ്ട സാനിറ്ററി നാപ്കിനുകള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കുമോ? ഇതേ കാര്യം തന്നെ നിങ്ങള്‍ ദൈവത്തെ കാണാന്‍ പോകുന്നതിന് മുമ്പ് ചെയ്യുമോ എന്നും മന്ത്രി ചോദിച്ചു.

അതേസമയം, ശബരിമലയിലെ സംഘര്‍ഷാവസ്ഥയില്‍ സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ വെളിവാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ തന്ത്രിയും പരിമകര്‍മ്മികളും നടത്തിയ ശ്രമം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല പൂര്‍ണമായും ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും പന്തളം രാജകുടുംബത്തിനോ മറ്റാര്‍ക്കെങ്കിലുമോ അതില്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപരമായ ഏക അവകാശി ബോര്‍ഡ് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. കവനന്റ് പ്രകാരം അവകാശമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. കവനന്റില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. തെറ്റായ അവകാശവാദങ്ങള്‍ ആരും ഉന്നയിക്കേണ്ടെന്നും പിണറായി വ്യക്തമാക്കി.