റിയാദ്; റിയാദിലെ ദവാദ്മിയില്‍ വാനും പിക്കപ്പും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളിയടക്കം നാലു പേര്‍ മരിച്ചു. കൊല്ലം അഴൂര്‍ വട്ടപ്പാറ സ്വദേശി ജംഷീര്‍(30) ആണ് മരിച്ച മലയാളി. രണ്ടു സൗദി പൗരന്‍മാരും ട്രെയിലര്‍ ഡ്രൈവറുമാണ് മറ്റുള്ളവര്‍.

അല്‍ഖര്‍ന അരാംകോ റോഡില്‍ ദവാദ്മിക്ക് അല്‍പം അകലെ ഗിര്‍ണക്ക് മുമ്പ് ബിന്‍ജാമ എന്ന സ്ഥലത്താണ് അപകടം. റിയാദില്‍ നിന്ന് ദവാദ്മിയിലേക്ക് പച്ചക്കറിയുമായി വാനില്‍ വരികയായിരുന്നു ജംഷീറും സുഹൃത്ത് സുധീറും. സുധീര്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു നിസാര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച വാനിനെ മറികടക്കാന്‍ ശ്രമിച്ച പിക്കപ്പ് നിയന്ത്രണം വിട്ട് മറിയുകയും അതിനിടയില്‍ വാന്‍ മറ്റൊരു ട്രൈലറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കത്തുകയും ചെയ്യുകയായിരുന്നു.ആറു മാസങ്ങള്‍ക്ക് മുമ്പാണ് ജംഷീര്‍ പുതിയ വീസയില്‍ സൗദിയില്‍ എത്തിയത്.