X

കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിക്കാനാവില്ലെന്ന് എസ്.പി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സഖ്യത്തിലായ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് വീതം വെക്കലുമായി ബന്ധപ്പെട്ട് തര്‍ക്കം. 403ല്‍ കോണ്‍ഗ്രസിന് 99 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്നാണ് അഖിലേഷ് ക്യാമ്പ്‌ വ്യക്തമാക്കുന്നത്. എന്നാല്‍ 110 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. 104 സീറ്റ് ലഭിച്ചാലും കോണ്‍ഗ്രസ് തൃപ്തിപ്പെട്ടേക്കും. ഇന്നലെ 208 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാണ് സമാജ് വാദി കോണ്‍ഗ്രസിനെ ഞെട്ടിച്ചത്.

ഇതില്‍ കോണ്‍ഗ്രസ് പരാമ്പരാഗതമായി മത്സരക്കുന്ന മണ്ഡലങ്ങളും ഉള്‍പ്പെട്ടിരുന്നു. അമേത്തി, റായ്ബറേലി എന്നീ ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെട്ടതോടെ ആവശ്യപ്പെട്ടതിലും കുറവ് സീറ്റെ തങ്ങള്‍ക്ക് നല്‍കൂവെന്നതിന്റെ ആദ്യ സൂചനയായിരുന്നു അത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് കോപ്പുകൂട്ടുന്ന പ്രശാന്ത് കിഷോറും അഖിലേഷ് യാദവും രാവിലെ മുതല്‍ ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല. നേരത്തെ കോണ്‍ഗ്രസിനു മതിയായ സീറ്റ്

നല്‍കുമെന്ന ധാരണയുണ്ടായിരുന്നുവെങ്കിലും അച്ഛനും പാര്‍ട്ടി സ്ഥാപക നേതാവുമായിരുന്ന മുലായം സിങുമായുളള അകല്‍ച്ച കുറഞ്ഞത് അഖിലേഷിനെ മറ്റൊരു തലത്തില്‍ ചിന്തിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതു പ്രകാരം കോണ്‍ഗ്രസിന് അനുവദിക്കേണ്ടിയിരുന്ന സീറ്റുകള്‍ മുലായത്തിനും അനുയായികള്‍ക്കും നല്‍കേണ്ടി വരും. 2012ലെ തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ മാത്രമെ എസ്.പിയേക്കാളും കോണ്‍ഗ്രസ് തിളങ്ങിയിട്ടുള്ളൂ. ഇത് കണക്കുകൂട്ടിയാണ് 99 സീറ്റെ നല്‍കാനാവൂവെന്ന് സമാജ് വാദി പാര്‍ട്ടിയിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

chandrika: