X

ട്രംപിനെതിരെ പെണ്‍രോഷം

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ദിവസം അമേരിക്കക്ക് അകത്തും പുറത്തും പ്രതിഷേധച്ചൂട്. ഇന്നലെ ട്രംപിന്റെ വംശീയ, സ്ത്രീ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് വാഷിങ്ടണില്‍ നടന്ന വനിതാ മാര്‍ച്ചില്‍ രണ്ടുലക്ഷത്തോളം പേര്‍ പങ്കെടുത്തു. വാഷിങ്ടണ്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും റാലികള്‍ നടന്നു. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഏഷ്യന്‍ നഗരങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി.

വെള്ളിയാഴ്ച യു.എസില്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 217 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടകളും വാഹനങ്ങളും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. എടിഎമ്മുകളും കടകളുടെ ഗ്ലാസുകളും തച്ചുടച്ചു. ചിലയിടത്ത് വാഹനങ്ങളും അഗ്നിക്കിരയാക്കി. പ്രക്ഷോഭകര്‍ക്കുനേരെ പൊലീസ് കുരുമുളക് സ്േ്രപ പ്രയോഗിച്ചു. ട്രംപിന്റെ നിലപാടുകളെ വിമര്‍ശിക്കുകയും ഹിലരി ക്ലിന്റനെ വാഴ്ത്തുകയും ചെയ്യുന്ന ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. സത്യപ്രതിജ്ഞയുടെ ദിവസം നൂറുകണക്കിന് ആളുകള്‍ സമാധാനപരമായാണ് റാലിയില്‍ പങ്കെടുത്തതെന്നും ചെറിയൊരു വിഭാഗമാണ് അക്രമം നടത്തിയതെന്നും വാഷിങ്ടണ്‍ ഡി.സി മേയര്‍ പറഞ്ഞു.

 

ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുന്ന വേദിയിലേക്കുള്ള റോഡുകളിലെ സെക്യൂരിറ്റി ചെക്‌പോയിന്റുകള്‍ മറികടക്കാനും ചിലര്‍ ശ്രമംനടത്തി. ഫ്രാങ്ക്‌ലിന്‍ സ്‌ക്വയറില്‍ പ്രതിഷേധക്കാര്‍ പൊലീസിനുനേരെ കല്ലേറുനടത്തി. പല തെരുവുകളിലും പ്രതിഷേധക്കാര്‍ ചവറ്റുകുട്ടകളും മറ്റും കൂട്ടിയിട്ട് കത്തിച്ചു. കെ സ്ട്രീറ്റില്‍ പ്രതിഷേധക്കാര്‍ കാറിനും തീവെച്ചു. ചിലയിടങ്ങളില്‍ ട്രംപിന്റെ അനുകൂലികളും എതിരാളികളും ഏറ്റുമുട്ടി. സ്റ്റാര്‍ബക്ക്‌സ് കോഫി ഷോപ്പ് അടക്കം നിലരവധി കടകള്‍ ജനം അടിച്ചുതകര്‍ത്തു. പ്രതിഷേധിക്കാനുള്ള അവസരമുണ്ടെങ്കിലും നാശനഷ്ടമുണ്ടാക്കുന്നതെന്ന് കണ്ടുനില്‍ക്കാനാവില്ലെന്ന് വാഷിങ്ടണ്‍ ഡി.സി മേയര്‍ മുറിയല്‍ ബൗസര്‍ പറഞ്ഞു. അമേരിക്കക്ക് പുറത്ത് ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും പ്രതിഷേധ റാലികള്‍ നടന്നു.

chandrika: