മുംബൈ: നടി ശ്രീദേവിയുടെ സംസ്‌കാരം അല്‍പ്പസമയത്തിനകം നടക്കും. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍നിന്ന് പുറപ്പെട്ടു. സംസ്‌കാര ചടങ്ങുകള്‍ക്കായാണ് സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍നിന്ന് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്. വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. 3.30 ഓടെയാകും അന്ത്യകര്‍മ്മങ്ങള്‍ നടക്കുക. ബോണി കപൂറിന്റെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ അടക്കമുള്ളവര്‍ ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കൊപ്പമുണ്ട്.

അതേസമയം, പ്രിയതാരത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ബോളിവുഡില്‍നിന്ന് നിരവധി താരങ്ങളാണ് സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലേക്ക് എത്തിയത്. വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്. ഐശ്വര്യറോയ്, കാജോള്‍, അജയ് ദേവ്ഗണ്‍, ഹേമമാലിനി, സോനം കപൂര്‍, ജയാബച്ചന്‍, മാധുരി ദീക്ഷിത്, രേഖ, വിദ്യാബാലന്‍ തുടങ്ങി ചലച്ചിത്ര രംഗത്തെ ഒട്ടുമിക്ക താരങ്ങളും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ആയിരക്കണക്കിന് ആരാധകരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. വിലാപയാത്രയെ ആയിരക്കണക്കിനാളുകളാണ് അനുഗമിക്കുന്നത്.