മുംബൈ: മലയാളത്തിന്റെ മുഖശ്രീയായിരുന്നു ശ്രീദേവി. ദേവീ വേഷങ്ങളാണ് ആദ്യകാലങ്ങളില്‍ തേടിയെത്തിയത്. 1969 ല്‍ പുറത്തിറങ്ങിയ ‘കുമാരസംഭവം’ ത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം. കേരളസംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ആദ്യ മലയാള ചിത്രമാണ് കുമാരസംഭവം. സുബ്രഹ്മണ്യാനായായിരുന്നു ചിത്രത്തി ല്‍ വേഷം. 1971 ല്‍ പൂമ്പാറ്റ എന്ന ചിത്രത്തിലും ബാലതാരമായി എത്തി. ഇതിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും ലഭിച്ചു.
ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. 1976 ല്‍ അഭിനന്ദനം, കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം എന്നീ ചിത്രങ്ങള്‍. 1977 ല്‍ ഇരട്ട വേഷത്തിലാണ് സത്യവാന്‍ സാവിത്രിയില്‍ എത്തിയത്. ആശിര്‍വാദം, ആദ്യപാഠം, ആ നിമിഷം, അന്തര്‍ദാഹം, അകലെ ആകാശം, അമ്മേ അനുപമേ, നിറകുടം, ഊഞ്ഞാല്‍, വേഴാമ്പല്‍, അംഗീകാരം എന്നീ ചിത്രങ്ങളിലും നിറസാന്നിധ്യമായി. പിന്നീട് ഹിന്ദിയില്‍ ചുവടുറപ്പിച്ചു. തിരക്കുകള്‍ക്കിടയിലും 1978 ല്‍ നാലുമണിപ്പൂക്കളിലൂടെ മലയാളത്തിലേക്ക് വീണ്ടുമെത്തി. 1996 ല്‍ പുറത്തിറങ്ങിയ ദേവരാഗമാണ് അവസാന മലയാള ചിത്രം. പ്രേക്ഷകരെ ഏറെ കോരിത്തരിപ്പിച്ച ചിത്രമായിരുന്നു ഇത്. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിലൂടെ മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ജോഡികളായി അരവിന്ദ സ്വാമിയും ശ്രീദേവിയും. ഇതിലെ പാട്ടുകളും സൂപ്പര്‍ഹിറ്റായി. പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രത്തിലൂടെ ഇന്നും മലയാളികള്‍ ശ്രീദേവിയെ ഓര്‍ക്കുന്നു. അഭിനേത്രിയുടെ സൗന്ദര്യത്തില്‍ ഗാനങ്ങള്‍ ശ്രദ്ധേയമായത് ശ്രീദേവിലൂടെയാണ്. ഈ ഗാനങ്ങള്‍ പ്രേഷക മനസില്‍ ഇന്നുമുണ്ട്. പ്രണയിതാക്കള്‍ ഒരുകാലത്ത് പാടി നടന്ന ഗാനമായിരുന്നു മലയാള ചിത്രമായ ദേവരാഗത്തിലെ ഗാനങ്ങള്‍. ഈ ഗാനങ്ങള്‍ക്ക് മഴിവേകിയതും ചാരുത പകര്‍ന്നതും ശ്രീദേവിയുടെ ഭാവപകര്‍ച്ചകളാണ്. ദേവരാഗത്തിലെ ശിശിരകാല മേഘമിഥുന, യയയാ യാദവാ എനിക്കറിയാം, പ്രേമാഭിഷേകം എന്ന ചിത്രത്തിലെ നീലവാന ചോലയില്‍.. എന്നീ ഗാനങ്ങള്‍ ചിലതു മാത്രം.