X

വിധിയില്‍ സന്തോഷം, കളിയിലേക്ക് തിരിച്ചുവരും’; ശ്രീശാന്ത്

ന്യൂഡല്‍ഹി: കളിയിലേക്ക് തിരിച്ചുവരുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ആജീവനാന്ത വിലക്ക് നീക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.

വിധിയില്‍ സന്തോഷമുണ്ട്. പ്രാക്ടീസ് തുടങ്ങിയെന്നും ആറുമാസത്തിനകം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നും ശ്രീശാന്ത് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ ഭാര്യയും കൊച്ചിയിലെ വീട്ടില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി അല്‍പ്പംമുമ്പാണ് നീക്കിയത്. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് സുപ്രീംകോടതി പറഞ്ഞു. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഭാഗികമായി അനുവദിക്കുകയായിരുന്നു. മറ്റു ശിക്ഷ ബിസിസിഐക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

സെപ്തംബര്‍ 13-നാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചത്. 2015 ഏപ്രില്‍ 20 ഒത്തുകളിക്ക് തെളിവില്ലെന്ന് പട്യാല ഹൗസ് കോടതി നിരീക്ഷിച്ചിരുന്നു. 2015 ജൂലൈ 14ന് സുപ്രീംകോടതി നിയോഗിച്ച ആര്‍.എം.ലോഥ സമിതി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. 2017 മാര്‍ച്ച് 1ന് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കേരളാ ഹൈക്കോടതിയിലെത്തി. ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ബിസിസിഐ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.

മേയ് ഒന്‍പതിനു കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയില്‍ ശ്രീശാന്ത് ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. മേയ് 16നാണ് ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസില്‍ അറസ്റ്റുചെയ്തത്. തൊട്ടുപിന്നാലെ മൂവരേയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു. ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്പ്പുകാരില്‍ നിന്ന് മുന്‍കൂറായി കൈപറ്റിയെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. മേയ് 23ല്‍ ഐപിഎല്ലിലെ പണമൊഴുക്ക്, വിദേശ ബന്ധം എന്നിവയെക്കുറിച്ച് ഈഡിഅന്വേഷണം ആരംഭിച്ചു. മേയ് 28ന് ശ്രീശാന്തിനേയും മറ്റുള്ളവരേയും തിഹാര്‍ ജയിലിലടക്കുകയുമായിരുന്നു.

chandrika: