പാലക്കാട്: ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോടും പാലക്കാടും എന്‍.ഐ.എ റെയ്ഡ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ രണ്ടു പേരുടെ വീടുകളിലും റെയ്ഡ് നടന്നു. ഇവിടെ നിന്ന് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി.

ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പര നടന്നത്. സ്‌ഫോടനങ്ങളില്‍ 253 പേര്‍ കൊല്ലപ്പെട്ടതായാണ് ശ്രീലങ്കയുടെ ഔദ്യോഗിക വിശദീകരണം. കൊളംബോയിലെ ഹോട്ടലില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ തൗഹീദ് ജമാഅത്ത് തലവനായ സഹ്രാന്‍ ഹാഷിമും കൊല്ലപ്പെട്ടിരുന്നു.