X

സൂപ്പര്‍ കപ്പ്; ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങി

ഇതുവരെ കണ്ടതല്ല, ഇനിയാണ് സൂപ്പര്‍ കളികള്‍. യോഗ്യതാ മത്സരങ്ങളില്‍ത്തന്നെ ആവേശത്തിനു തിരികൊളുത്തിയ സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങി. ടൂര്‍ണമെന്റിന്റെ യോഗ്യതാ മത്സരങ്ങള്‍ വ്യാഴാഴ്ച പയ്യനാട്ട് പൂര്‍ത്തിയായി. മലപ്പുറത്തേയും കോഴിക്കോട്ടേയും ഗാലറികള്‍ക്ക് ആവേശംപകരാന്‍ ടീമുകളൊരുങ്ങിക്കഴിഞ്ഞു.

തിങ്കളാഴ്ച മുതല്‍ മൂന്നുദിവസങ്ങളിലായി അഞ്ചു കളികളില്‍ ഒന്‍പത് ഐ-ലീഗ് ടീമുകളാണ് സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യതയ്ക്കായി പോരാടിയത്. ഇതില്‍നിന്ന് നാലു ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ ഇടം കണ്ടെത്തി.

ശ്രീനിധി ഡെക്കാന്‍ എഫ്.സി., ഗോകുലം കേരള എഫ്.സി., ഐസോള്‍ എഫ്.സി., ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നീ ടീമുകളാണ് 10 ഐ-ലീഗ് ക്ലബ്ബുകള്‍ പങ്കെടുത്ത യോഗ്യതാ മത്സരത്തില്‍നിന്ന് സൂപ്പര്‍ കപ്പ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഈ നാല് ടീമുകളും പതിനൊന്ന് ഐ.എസ്.എല്‍. ടീമുകളും നിലവിലെ ഐ ലീഗ് ചാമ്പ്യന്മാായ റൗണ്ട് ഗ്ലാസ് പഞ്ചാബുമടക്കം പതിനാറ് ടീമുകളാണ് അവസാനവട്ട പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുക.

യോഗ്യതാ മത്സരങ്ങള്‍ മുഴുവന്‍ നടന്നത് പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയത്തിലായിരുന്നു. ശനിയാഴ്ച ആരംഭിക്കുന്ന സൂപ്പര്‍ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് പയ്യനാട് സ്റ്റേഡിയവും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയവും ആതിഥ്യമരുളും.

ശനിയാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ കപ്പിന്റെ ആദ്യ കളി. രണ്ടു മത്സരങ്ങളാണ് ദിവസവും. വൈകീട്ട് അഞ്ചിനും രാത്രി എട്ടരയ്ക്കും. ആദ്യ കളി ബെംഗളൂരു എഫ്.സി.യും ശ്രീനിധി ഡെക്കാനും തമ്മിലാണ്. രണ്ടാമത്തെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ഐ-ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും ഏറ്റുമുട്ടും.

 

webdesk14: