ഫുട്‌ബോള്‍ മൈതാനത്ത് ഗോള്‍കീപ്പര്‍മാരുടെ പ്രകടനം പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. അത്തരത്തില്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടംനേടുന്ന ഒരു സേവ് ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗിനിടയിലും കണ്ടു. ആരാധകര്‍ തലയില്‍ കൈവെച്ച് അമ്പരന്നുപോയ ഒരു സേവ്.

ഈജിപ്തിലെ പിരമിഡ്‌സ് എഫ്.സിയും എന്‍പി ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെ മഹ്മൂദ് ഗാദ് എന്ന ഗോള്‍കീപ്പറാണ് തന്റെ മാസ്മരിക സേവിലൂടെ താരമായിരിക്കുന്നത്. ഒരു ലോങ് ബോള്‍ ക്ലിയര്‍ ചെയ്യാനായി എന്‍പിയുടെ താരമായ മഹ്മൂദ് ഗാദ് അഡ്വാന്‍സ് ചെയ്തു. മഹ്മൂദ് പന്ത് തലകൊണ്ട് തട്ടിയകറ്റി.എന്നാല്‍ അത് പിരമിഡ്‌സ് ക്ലബ്ബ് താരത്തിന്റെ കാലിലേക്കാണ് വന്നത്. റീബൗണ്ടില്‍ പിരമിഡ് ക്ലബ്ബ് താരം പന്ത് വലയിലേക്ക് ഉയര്‍ത്തിയടിച്ചു.

എന്നാല്‍ അപ്പോഴേക്കും ഗ്രൗണ്ടില്‍ നിന്നെഴുന്നേറ്റ് മഹ്മൂദ് ഓടിപ്പോയി പന്ത് വലയിലെത്തുന്നതിന് തൊട്ടുമുമ്പ് ഇരുകൈ കൊണ്ടും കുത്തിയകറ്റി. പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച സേവുകളില്‍ ഒന്നാണെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.