ബിഗ് സ്‌ക്രീനിലെയും മിനി സ്‌ക്രീനിലെയും ആരാധ്യ താരങ്ങളെ കാണുമ്പോള്‍ പരിസരം മറക്കുന്നവരാണ് മലയാളികള്‍. സംസാരിക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുമൊക്കയെയായി താരങ്ങള്‍ക്കൊപ്പം നീണ്ട നിര തന്നെയുണ്ടാവും. താരങ്ങള്‍ക്കടുത്തെത്താന്‍ ആരാധകര്‍ നടത്തുന്ന സാഹസങ്ങളില്‍ പല തരം അപകടങ്ങള്‍ ഉണ്ടാവുക പതിവുമാണ്. അത്തരത്തിലൊരു സംഭവമാണ് തൃശൂരില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. എന്നാല്‍ താരത്തിന്റെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി എന്നുമാത്രം. തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയാണ് ആരാധകരുടെ അപകടകരമായ ആരാധനക്കെതിരെ രംഗത്തുവന്നത്. തന്റെ കാറിനു പിന്നില്‍ ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകരെ സൂര്യ കണക്കിനു ശാസിച്ചു.

southlive%2f2017-01%2f1f8251c2-37c3-4065-bcf1-178e83108c74%2fsuriya-1
സിങ്കം ത്രീയുടെ പ്രമോഷന്‍ പരിപാടിക്കു ശേഷം തൃശൂരില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. അമിത വേഗതയില്‍ തന്നെ ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകരെ സൂര്യ വാഹനം നിര്‍ത്തി ശാസിക്കുകയായിരുന്നു. ക്യാമറയുമായി ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകരുടെ പ്രവൃത്തി ദുരന്തമുണ്ടാക്കുമെന്ന് കണ്ടപ്പോഴാണ് താരം ഇടപെട്ടത്. ജീവന്‍ പണയം വെച്ചുള്ള നീക്കത്തില്‍ സൂര്യ ആരാധകരോട് ദേഷ്യപ്പെട്ടു. നിങ്ങളോട് വലിയ സ്‌നേഹമാണ്. എന്നാല്‍ അപായത്തിലേക്ക് ചാടിക്കുന്ന ഇത്തരം ആരാധന തനിക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് എവിടെവെച്ചു വേണമെങ്കിലും സംസാരിക്കാം. അതിന് കുഴപ്പമില്ല. എന്നാല്‍ ജീവന്‍ പണയപ്പെടുത്തിയുള്ള ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തികരുതെന്ന് പറഞ്ഞ സൂര്യ ആരാധകര്‍ക്ക് ഹസ്തദാനം നല്‍കാനും മറന്നില്ല.
സിങ്കം ത്രീ പ്രമോഷനു വേണ്ടി സംവിധായകന്‍ ഹരിക്കൊപ്പമാണ് സൂര്യ കേരളത്തിലെത്തിയത്. ഈ മാസം 26നാണ് സിങ്കം ത്രീയുടെ റിലീസ്.