ന്യൂഡല്‍ഹി: എംപിമാരുടെ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ ഉപാധി വെച്ച്് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക ബില്‍ അവതരിപ്പിക്കുന്നതിനിടെയുണ്ടായ പാര്‍ലമെന്റിലെ ചെയ്തികളില്‍ ഖേദം പ്രകടിപ്പിച്ചാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷിക ബില്ലില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തയാറാണെന്നും കേന്ദ്രം വെല്ലുവിളിച്ചു. 110 പേര്‍ കേന്ദ്രത്തെ പിന്തുണച്ചെന്നും 75 പേര്‍ മാത്രമാണ് ബില്ലിനെതിരെയുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.

നേരത്തെ സസ്‌പെന്‍ഷനിലായ എംപിമാരെ തിരിച്ചെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് ഖേദം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ മറ്റൊരു കാര്‍ഷിക ബില്‍, മിനിമം താങ്ങുവില സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരം നടപ്പാക്കുക, സസ്‌പെന്‍ഡ് ചെയ്ത എട്ട് എംപിമാരെ തിരിച്ചെടുക്കണം എന്നീ മൂന്ന് വ്യവസ്ഥകളായിരുന്നു ഗുലാം നബി ആസാദ് ആവശ്യപ്പെട്ടിരുന്നത്.

വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ വര്‍ഷകാല സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.പ്രതിഷേധം കനപ്പിച്ചു കൊണ്ട്് കോണ്‍ഗ്രസ് നേതാക്കള്‍ സഭ വിട്ടിറങ്ങി.

അതേസമയം സസ്‌പെന്‍ഷനിലായ എംപിമാരുടെ അനിശ്ചിത കാല പ്രതിഷേധം പാര്‍ലമെന്റ് വളപ്പില്‍ ഇപ്പോഴും തുടരുകയാണ്. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണും നാളെ രാവിലെ വരെ ഉപവാസമിരിക്കും. എംപിമാരുടെ മോശം പെരുമാറ്റം ആരോപിച്ചാണ് ഉപവാസമിരിക്കുന്നത്.