കണ്ണൂര്‍: കണ്ണവത്തെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ മുഹമ്മദ് സലാഹുദ്ദീന്‍ വധക്കേസിലെ ശേഷിക്കുന്ന പ്രതികള്‍ പോലീസെത്തുമ്പോഴേക്കും രഹസ്യസങ്കേതത്തില്‍നിന്ന് രക്ഷപ്പെട്ടു. വയനാട് ഭാഗത്ത് വീട്ടിലായിരുന്നു ഇവര്‍ ഒളിച്ചുകഴിഞ്ഞിരുന്നത്. പോലീസ് വരുന്നതായി വിവരം കിട്ടിയാണ് കഴിഞ്ഞദിവസം രാത്രി ഇവര്‍ രക്ഷപ്പെട്ടത്.

കൂത്തുപറമ്പ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടുദിവസമായി ഈ മേഖലയില്‍ തങ്ങി പ്രതികള്‍ കഴിയുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കി സ്വകാര്യവാഹനത്തിലെത്തുകയായിരുന്നു. പക്ഷേ, അപരിചിത വാഹനം നീങ്ങുന്നതായി പ്രതികള്‍ക്ക് വിവരം കിട്ടിയതായി കരുതുന്നു.

സെപ്റ്റംബര്‍ എട്ടിനാണ് സലാഹുദ്ദീന്‍ കൊല്ലപ്പെട്ടത്. മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ പിറ്റേന്നും മുഖ്യശിക്ഷക് അടക്കം രണ്ടുപേരെ 21നും പിടികൂടിയിരുന്നു. ഇനി അഞ്ചുപേരെക്കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറയുന്നു. ഇവര്‍ ഒന്നിച്ചാണ് കഴിയുന്നതെന്നാണ് പോലീസ് അനുമാനം.