ആഗ്ര: താജ്മഹലിനുള്ളില്‍ കാവിക്കൊടി പറത്തി ഹിന്ദു ജാഗ്രന്‍ മഞ്ച് പ്രവര്‍ത്തകര്‍. താജ്മഹലിന്റെ കോമ്പൗണ്ട് പ്രദേശത്താണ് ഇവര്‍ കാവിക്കൊടി ഉയര്‍ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഹിന്ദു ജാഗ്രന്‍ മഞ്ച് യുവജന വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് ഗൗരവ് താക്കൂറിനൊപ്പം മന്‍വേന്ദ്ര സിംഗ്, വിഷേഷ് എന്നിവര്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ താജ്മഹലില്‍ പ്രവേശിക്കുകയായിരുന്നു. ഇവരുടെ കൈയ്യില്‍ ഒരു വാട്ടര്‍ ബോട്ടിലില്‍ ഗംഗാ ജലവും കാവിക്കൊടിയും ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ കാവിക്കൊടി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര സേനാംഗങ്ങള്‍ ഇവരെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.

എന്നാല്‍ താജ്മഹലിനുള്ളില്‍ എത്തിയത് പൂജ ചെയ്യാനാണെന്നായിരുന്നു ജാഗ്രന്‍ മഞ്ച് പ്രവര്‍ത്തകരുടെ വാദം. ഇതിന് മുമ്പും താജ്മഹല്‍ ക്ഷേത്രമായിരുന്നു എന്ന വാദത്തോടെ പൂജ ചെയ്യാന്‍ നിരവധി ഹിന്ദു സംഘടനകള്‍ എത്തിയിരുന്നു.