ദോഹ: അഫ്ഗാന്‍ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഖത്തറില്‍ താലിബാന്‍ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സുമായി നടത്തിയ കൂടിക്കാഴ്ച ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്ന് ഒരു താലിബാന്‍ നേതാവ് പറഞ്ഞു. അഫ്ഗാന്‍ താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു.

അമേരിക്കയുമായി മാത്രമേ സമാധാന ചര്‍ച്ചക്കുള്ളൂ എന്നാണ് താലിബാന്റെ ദീര്‍ഘകാല നിലപാട്. അഫ്ഗാന്‍ പ്രതിനിധികളുടെ സാന്നിദ്ധ്യമില്ലാതെ താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്തിയത് അഫ്ഗാന്‍ വിഷയത്തിലെ യു.എസ് സമീപനത്തില്‍ കാതലമായ മാറ്റംവരുത്തിയതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. യു.എസ്-താലിബാന്‍ രഹസ്യ കൂടിക്കാഴ്ച ആദ്യ റിപ്പോര്‍ട്ട് ചെയ്തത് വാള്‍സ്ട്രീറ്റ് ജേണലാണ്.

കാബൂളില്‍ രണ്ട് ഉന്നത താലിബാന്‍ നേതാക്കളും കൂടിക്കാഴ്ച സ്ഥിരീകരിച്ചതായി ബി.ബി.സി പറയുന്നു. ദോഹയില്‍ താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി അബ്ബാസ് സ്താനിക്‌സായുടെ നേതൃത്വത്തിലുള്ള ആറംഗ പ്രതിനിധി സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് അവര്‍ വെളിപ്പെടുത്തി. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ദക്ഷിണ, മധ്യേഷ്യന്‍ ബ്യൂറോ മേധാവിയായ വെല്‍സ് അഫ്ഗാന്‍ സമാധാന വിഷയം ചര്‍ച്ച ചെയ്യാനും ഖത്തര്‍ ഉദ്യോഗസ്ഥരെ കാണാനും ദോഹയിലുള്ളതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്.

താലിബാന്‍ നേതാക്കളെ കണ്ട വിവരം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ഉന്നതതല സമാധാന ചര്‍ച്ചകള്‍ക്കുവേണ്ടി സ്ഥിരം സംവിധാനം ഒരുക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകളാണ് നടന്നതെന്ന് ഒരു താലിബാന്‍ നേതാവ് പറഞ്ഞു.
അധികം വൈകാതെ വീണ്ടും യോഗം ചേരാനും ചര്‍ച്ചയിലൂടെ അഫ്ഗാന്‍ പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചതായും മറ്റൊരു താലിബാന്‍ നേതാവ് അറിയിച്ചു.

അഫ്ഗാന്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് തങ്ങള്‍ ചര്‍ച്ചക്കുള്ളതെന്ന അമേരിക്കന്‍ നിലപാടാണ് വെല്‍സ്-താലിബാന്‍ കൂടിക്കാഴ്ചയോടെ തിരുത്തിയിരിക്കുന്നത്. 2013ല്‍ ദോഹയില്‍ അമേരിക്ക നേരിട്ട് ചര്‍ച്ചക്ക് ഒരുങ്ങിയിരുന്നെങ്കിലും അന്നത്തെ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുകയാണുണ്ടായത്.