തളിപ്പറമ്പ്: തെങ്ങു ചെത്തുന്നതിനിടെ ബോധരഹിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെത്തു തൊഴിലാളി മരിച്ചു. കോള്‍ത്തുരുത്തിയിലെ പുതിയപുരയില്‍ രവീന്ദ്രന്‍ (57) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

കോള്‍തുരുത്തി ഐലന്റില്‍ തെങ്ങ് ചെത്തുന്നതിനിടെ രവീന്ദ്രന്‍ ബോധരഹിതനാകുകയായിരുന്നു. തെങ്ങിനു മുകളില്‍ കുടുങ്ങിയ ഇദ്ദേഹത്തെ തളിപ്പറമ്പ് അഗ്നിശമനസേനയിലെ ഓഫീസര്‍ കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചെത്തു തൊഴിലാളികളുടെ സഹായത്തോടെ വല ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.

കോള്‍തുരുത്തിയില്‍ നിന്ന് ആശുപത്രിയിലേക്ക് പോകാന്‍ പാലമില്ലാത്തതിനാല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുമായി രണ്ട് തോണികളിലാണ് ഇവര്‍ തിരിച്ചത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ രവീന്ദ്രന്‍ മരണത്തിന് കീഴടങ്ങി.

ഭാര്യ: ബിന്ദു (മുല്ലക്കൊടി). മക്കള്‍: അര്‍ജുന്‍, രോഷിത്ത്. സഹോദരി: സതി.