ചെന്നൈ: തമിഴ്നാട്ടില്‍ 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെ മഴയുടെ ശക്തി കുറയുമെങ്കിലും തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് തമിഴ്‌നാടിനെ വെള്ളത്തില്‍ മുക്കിയ മഴയ്ക്ക് കാരണം. കനത്ത മഴ തുടരുന്ന കാഞ്ചീപുരം, തിരുവല്ലൂര്‍ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മിക്കയിടങ്ങളിലും ട്രെയിന്‍, ബസ് സര്‍വീസുകള്‍ പുന:സ്ഥാപിച്ച് കൊണ്ടിരിക്കുന്നു. 150 ഓളം വരുന്ന ദുരിതാശ്വാസ ക്യാംപുകളിലായി പതിനായിരത്തോളം പേരാണ് കഴിയുന്നത്. അടച്ചിട്ട വിദ്യാലയങ്ങള്‍ ഇതുവരെയും തുറന്നിട്ടില്ല. സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. എം.കെ.ബി നഗര്‍, മടിപ്പക്കം, കാരപ്പക്കം തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഇതുവരെ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.