ചെന്നൈ: കേരളത്തില്‍നിന്നുള്ളവര്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ വ്യാഴാഴ്ച മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. അതേസമയം, കോവിഡ് വാക്‌സീന്‍ രണ്ടു ഡോസും എടുത്ത് 14 ദിവസം പൂര്‍ത്തിയായവര്‍ക്ക് ഇളവുണ്ട്. ഈ വിഭാഗത്തിലുള്ളവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി.

വിമാന യാത്രക്കാര്‍ക്കും നിബന്ധന ബാധകമാണ്. വിമാനത്താളവത്തിലെത്തുമ്പോള്‍ ശരീര താപനില പരിശോധിക്കും. ഉയര്‍ന്ന താപനിലയുള്ളവരെ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയരാക്കും.

റോഡ് മാര്‍ഗം വരുന്നവരെ അതിര്‍ത്തിയില്‍ വാഹനം തടഞ്ഞു പരിശോധിക്കും. സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ കടത്തിവിടൂ. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.