താനൂര്‍: ഇന്നലെ രാത്രിയുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ താനൂര്‍ ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന വള്ളങ്ങളും മത്സ്യബന്ധന ഉപകരങ്ങളും തകര്‍ന്നു. ആറ് ഒഴുക്കല്‍ തോണികളാണ് തകര്‍ന്നത്. കാറ്റും മഴയും ശക്തമായിരുന്നു. പുലര്‍ച്ചെയാണ് മത്സ്യബന്ധന ഉപകരണങ്ങള്‍ തകര്‍ന്നത് മത്സ്യ തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. അരക്കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

പൗറകത്ത് അലിമോന്‍, ചെറിയകത്ത് ബഷീര്‍, മാളിയേക്കലത്ത് അലി, ആലിക്കക്കാന്റെ പുരക്കല്‍ ഖാദര്‍, ചെറുപുരക്കല്‍ അയ്യൂബ്, ചീരന്‍കടപ്പുറം ഹുസൈന്‍ എന്നിവരുടെ വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളുമാണ് തകര്‍ന്നത്. ഹാര്‍ബറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതാണ് അടിക്കടി അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണം.