എയര്‍ ഇന്ത്യ ഔദ്യോഗികമായി ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തു. ഔദ്യോഗിക കൈമാറ്റത്തിന് മുന്നോടിയായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പകരം ടാറ്റയുടെ പ്രതിനിധികള്‍ ചുമതലയേറ്റു.

18000 കോടി രൂപയ്ക്കാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ ടാറ്റയ്ക്ക് വിറ്റത്.കരാര്‍ പ്രകാരം എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും മുഴുവന്‍ ഓഹരികളും എയര്‍ ഇന്ത്യ സാറ്റ്‌സിലെ 50 ശതമാനം ഓഹരികളുമാണ് ടാലസിന് ലഭിക്കുക. ഡിസംബര്‍ അവസാനം കൈമാറ്റം നടത്താനായിരുന്നു നിശ്ചയിച്ചതെങ്കിലും നടപടികള്‍ നാലാഴ്ച കൂടി നീണ്ടുപോയി.

68 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ കൈയില്‍ എത്തുന്നത്. കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയെ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല തവണ നടത്തിയ ശ്രമത്തിനൊടുവിലാണ് കഴിഞ്ഞ ഒക്ടോബറില്‍ ടാറ്റ ഗ്രൂപ്പിന് ലേലം വഴി കൈമാറുന്നത്.