കൊല്‍ക്കത്ത: ഖരഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസര്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ അധിക്ഷേപിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വിദ്യാര്‍ഥികള്‍. വിഡിയോ വൈറലായതോടെ അധ്യാപികക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമായുള്ള ഇംഗ്ലീഷ് പ്രിപ്പറേറ്ററി ക്ലാസിനിടെയാണ് ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ സീമ സിംഗ് വിദ്യാര്‍ഥികളെ മോശമായ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത്.

ബോംബെ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥി സംഘമാണ് ഇതുസംബന്ധിച്ച മൂന്ന് വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഒരു വീഡിയോയില്‍ അധ്യാപിക വിദ്യാര്‍ത്ഥികളെ അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുന്നത് കേള്‍ക്കാം. എല്ലാവരെയും പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്

മറ്റൊരു വീഡിയോയില്‍ മുത്തച്ഛന്റെ മരണം കാരണം ലീവ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയെയും അവര്‍ കുറ്റപ്പെടുത്തുന്നു. മുത്തച്ഛന്റെ മരണം എങ്ങനെയാണ് വിദ്യാര്‍ത്ഥിയെ ബാധിക്കുന്നതെന്ന് അവര്‍ ചോദ്യം ചെയ്യുന്നു. അപേക്ഷ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഞാനും ഒരു ഹിന്ദുവാണ്. മരണശേഷം ചില ആചാരങ്ങള്‍ ചെയ്യാനുണ്ടെന്ന് എനിക്കറിയാം. എന്നാല്‍, ഈ കോവിഡ് കാലത്ത് മതപരമായ എല്ലാ ആചാരങ്ങള്‍ക്കും നിയന്ത്രണമുണ്ടെന്ന് എനിക്കറിയാം അവര്‍ പറയുന്നു.

മൂന്നാമത്തെ വീഡിയോയില്‍ ‘ഭാരത് മാതാ കി ജയ്’ എന്ന് വിദ്യാര്‍ത്ഥികളെ പറയാന്‍ പ്രേരിപ്പിക്കുന്നത് കേള്‍ക്കാം. നിങ്ങളുടെ രാജ്യത്തിനായി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചുരുങ്ങിയത് ഇതാണെന്നും അവര്‍ പറയുന്നു.

അതേസമയം, ഇത്തരം പെരുമാറ്റങ്ങള്‍ സ്ഥാപനം പിന്തുണക്കുന്നില്ലെന്നും നടപടിയെടുക്കുമെന്നും ഐ.ഐ.ടി ഖരഗ്പൂര്‍ രജിസ്ട്രാര്‍ തമല്‍ നാഥ് പറഞ്ഞു. ഡയറക്ടര്‍ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയെന്നും അധ്യാപികയെ അവലോകന സമിതിയിലേക്ക് വിളിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.