ഹൈദരാബാദ്: തെലങ്കാനയില്‍ കനത്തമഴ തുടരുന്നു. കനത്ത മഴയില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീടുകള്‍ക്ക് മേല്‍ പതിച്ച് രണ്ടുമാസം പ്രായമുളള കുഞ്ഞുള്‍പ്പടെ ഒമ്പതുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പത്തോളം വീടുകള്‍ക്ക് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്.

കഴിഞ്ഞ മൂന്നുദിവസമായി തെലങ്കാനയില്‍ കനത്ത മഴ തുടരുകയാണ്. 48 മണിക്കൂറിനിടയില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 12 പേരാണ് തെലങ്കാനയില്‍ മരിച്ചത്. സംസ്ഥാനത്തിന്റെ പലയിടത്തും വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്. ഹൈദരാബാദില്‍ റോഡുകളിലടക്കം വെള്ളക്കെട്ടായതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. മഴയെ തുടര്‍ന്ന് ഹൈദരാബാദ്-ബെംഗളുരു ദേശീയപാത തകര്‍ന്നു.മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം,കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണ് പ്രവചനം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്നാണ് മഴ കനത്തത്. നാളെ തൃശൂര്‍, പാലക്കാട്,മലപ്പുറം,വയനാട്,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയൊരു ന്യൂനമര്‍ദം കൂടി രൂപംകൊണ്ടേക്കുമെന്ന് വിലയിരുത്തലുണ്ട്.