കോട്ടയം: സംസ്ഥാനത്തെ അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ ചില തീവ്രവാദ സംഘടനകളാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കശ്മീരില്‍ എട്ട് വയസുകാരിയുടെ അറുകൊലക്കെതിരെയെന്ന പേരില്‍ ഹര്‍ത്താല്‍ നടത്തിയ സംഘടനകള്‍ ഏതൊക്കെയെന്ന് എല്ലാവര്‍ക്കുമറിയാം. അതിന്റെ പേരില്‍ ചിലര്‍ അവസരങ്ങള്‍ മുതലെടുക്കുകയാണെന്നും അത് അനുവദിക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹര്‍ത്താലിനെ നേരിടുന്നതില്‍ പൊലീസ് ഇന്റലിജന്‍സിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണം. ഹര്‍ത്താല്‍ അനുകൂലികളാണ് പൊലീസിനെ അക്രമിച്ചത്. എന്നിട്ടും പൊലീസ് അക്രമിച്ചുവെന്ന് വ്യാജപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതില്‍ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ഇടപെട്ടതില്‍ സന്തോഷമുണ്ട്. കശ്മീരില്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച വിഷ്ണു നന്ദകുമാര്‍ രാധാകൃഷ്ണന്റെ സഹോദര പുത്രനാണെന്നും വിശ്വന്‍ ആരോപിച്ചു. കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.