ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറും കാശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുമായ സബ്‌സര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് സബ്‌സര്‍ ഭട്ട് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ട്രാലില്‍ സൈന്യവുമായ നടന്ന ഏറ്റുമുട്ടലില്‍ സബ്‌സര്‍ കൊല്ലപ്പെട്ടുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരരുമായി ഇന്നലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇന്ന് രാവിലെയാണ് സബ്‌സര്‍ ഭട്ട് കൊല്ലപ്പെടുന്നത്. ഭീകരരുടെ ഒളിത്താവളങ്ങള്‍ സൈന്യം വളയുകയായിരുന്നു. സബ്‌സര്‍ ഭട്ടിനൊപ്പം ഒരാള്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, സബ്‌സര്‍ ഭട്ട് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പരന്നതോടെ കാശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറ് കൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ റാംപൂരില്‍ ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടലില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ജൂലായിലാണ് ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍വാനി കൊല്ലപ്പെടുന്നത്. അതിനുശേഷം കുറേക്കാലം കാശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇതില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.