തെന്നിന്ത്യന്‍ താരം തമന്നക്കെതിരെ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ സംവിധായകന്‍ സുരാജ് മാപ്പു പറഞ്ഞു. വിശാലും തമന്നയും അഭിനയിച്ച കത്തിസണ്ടൈയുടെ പ്രൊമോഷന്‍ പരിപാടിയിലാണ് തമന്നക്കെതിരെ സുരാജ് ലൈംഗിക അധിക്ഷേപം നടത്തിയത്.

തമന്ന എപ്പോള്‍ വേണമെങ്കിലും തുണിയുരിഞ്ഞ് അഭിനയിക്കാന്‍ തയ്യാറാകണമെന്നും നടിമാര്‍ അങ്ങനെ അഭിനയിക്കണ്ടവരാണെന്നുമായിരുന്നു സുരാജിന്റെ പ്രസ്താവന. നായികയുടെ ശരീരം മൂടുന്ന രീതിയിലുള്ള വസ്ത്രങ്ങളുമായി വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നവരെത്തിയാല്‍ ഞാനതിന്റെ നീളം കുറക്കുമെന്നും ഗ്ലാമര്‍ വേഷങ്ങളില്‍ നടിമാരെ കാണാന്‍ വേണ്ടിയാണ് പ്രേക്ഷകര്‍ തിയ്യേറ്ററില്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത് കയറുന്നതെന്നും സുരാജ് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് സുരാജ് മാപ്പുപറയുകയായിരുന്നു. മാപ്പു പറയണമെന്ന ആവശ്യവുമായി തമന്നയും വിശാലും രംഗത്തെത്തിയിരുന്നു.

തമന്നയോടും മറ്റു നടികളോടും മാപ്പു പറയുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല അത്തരമൊരു പ്രസ്താവന നടത്തിയത്. പരാമര്‍ശം പിന്‍വലിക്കുമെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുരാജ് പറഞ്ഞു.