X

തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം; സ്റ്റാലിന്‍ അറസ്റ്റില്‍; നാളെ ബന്ദ്

ചെന്നൈ: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരയെുണ്ടായ പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ അറസ്റ്റില്‍. നിരോധനാജ്ഞ ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. സമരത്തിനിടെ പാര്‍ട്ടി നേതാക്കളുമൊത്ത് മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ സ്റ്റാലിനെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്യുകയായിരുന്നു.

സ്റ്റാലിന്റെ അറസ്റ്റിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഡി.എം.കെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സ്റ്റാലിനെയും മറ്റുനേതാക്കളെയും കൊണ്ടുപോയ വാന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. വെടിവെപ്പിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പളനിസ്വാമിയും ഡി.ജി.പി ടി.കെ. രാജേന്ദ്രനും രാജിവെക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

12 പേരെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ നാളെ ബന്ദ് ആചരിക്കും. ഡി.എം.കെയും മറ്റ് പ്രതിപക്ഷ കക്ഷികളുമാണ് വെള്ളിയാഴ്ച പ്രഭാതം മുതല്‍ പ്രദോഷം വരെ ബന്ദിനാഹ്വാനം ചെയ്തിട്ടുള്ളത്. ഡി എം കെ, കോണ്‍ഗ്രസ്, ദ്രാവിഡാര്‍ കഴകം, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം,സിപി ഐ , സിപി എം, മുസ്ലിംലീഗ്, തുടങ്ങിയ കക്ഷികളാണ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ബന്ദ് തമിഴ് വികാരം പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന് ഡി എം കെ പത്രക്കുറിപ്പില്‍ പറഞ്ഞു.

chandrika: