X

കോഴിക്കോട് നേഴ്‌സിങ് വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ വൈറസ് സ്ഥിരീകരിച്ചു. നേഴ്‌സിങ് വിദ്യാര്‍ഥിനിക്കാണ് നിപ വൈറസ് ബാധിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ നിപ ബാധിച്ച് ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് വിവരം.

അതേസമയം, നിപ വൈറസ് ബാധയേറ്റ് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. രോഗബാധയേറ്റ് മരിച്ച സഹോദരങ്ങളായ സ്വാലിഹിന്റേയും സാബിത്തിന്റേയും പിതാവ് ചങ്ങരോത്ത് സൂപ്പിക്കട മൂസ മൗലവി (62)യാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചത്. ആദ്യ ഘട്ടത്തില്‍ രോഗം പിടിപെട്ടവരില്‍ ഒരാളാണ് മൂസ മൗലവി. ഇദ്ദേഹത്തിന്റെ മക്കളായ സാബിത്ത് മെയ് അഞ്ചിനും സ്വാലിഹ് കഴിഞ്ഞ വെള്ളിയാഴ്ചയുമാണ് മരണപ്പെട്ടത്.

ഇവരുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ചത്ത വവ്വാലിനെ കണ്ടെത്തിയിരുന്നത്. ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കഴിഞ്ഞ ദിവസം നാലുപേര്‍ സ്വകാര്യ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരില്‍ ഒരാളാണ് ഇന്ന് മരിച്ച മൂസ. നിലവില്‍ പനി ബാധിച്ച് മുന്നുപേര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അതിനിടെ നിപ്പ വൈറസിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കഞ്ചേരിക്കുമെതിരെ പൊലീസ് കേസെടുത്തു. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്നയാളാണ് ജേക്കബ് വടക്കഞ്ചേരി, ആയുര്‍വേദ ചികിത്സകനെന്നാണ് മോഹനന്‍ വൈദ്യരുടെ അവകാശവാദം. കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നിപ്പ വൈറസ് ബാധയെന്നത് അന്താരാഷ്ട്ര മരുന്നുകമ്പനികളുടെ വ്യാജപ്രചാരണമെന്നായിരുന്ന ജേക്കബ് വടക്കഞ്ചേരി അഭിപ്രായപ്പെട്ടത്. നിപ്പ വൈറസ് എന്ന സംഭവമില്ലെന്നായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. നിപ്പ വൈറസ് ബാധമൂലം ആളുകള്‍ മരിച്ച പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ച മാങ്ങയും ചാമ്പക്കയും കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് നിപ്പ വൈറസ് ഇല്ലെന്നായിരുന്നു മോഹനന്‍ വൈദ്യരുടേയും അഭിപ്രായം. ഇവര്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

chandrika: