നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അനന്തുവിനെ അവസാനമായി കാണാന്‍ നീണ്ട ജനാവലിയാണ് വീട്ടിലെത്തിയത്. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. സംസ്‌കാരം ഉച്ചയ്ക്ക് ശേഷം നടക്കും.
അതേസമയം, സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ആരോപണം ഉള്‍പ്പെടെ അന്വേഷിക്കും. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെയും ഇയാള്‍ പന്നികളെ പിടികൂടാന്‍ കെണി ഒരുക്കിയിട്ടുണ്ടെന്നും പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് വിനീഷെന്നുമാണ് വിവരം.
തോട്ടില്‍ നിന്നും മീന്‍പിടിച്ച് വരുകയായിരുന്ന അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇന്നലെ ഷോക്കേറ്റത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്.