kerala

ഫ്‌ളാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം: ഇന്ന് തെളിവെടുപ്പ്

By webdesk17

February 03, 2025

തൃപ്പൂണിത്തുറയില്‍ സ്‌കൂളില്‍ സഹപാഠികളുടെ റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ഫ്‌ളാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തെളിവെടുക്കും. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എറണാകുളം ജില്ല കലക്ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ രാവിലെ 10.30നാണ് എത്തും. കുട്ടിയുടെ രക്ഷിതാക്കളോടും സ്‌കൂള്‍ അധികൃതരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ജനുവരി 15നാണ് മരിച്ചത്. വൈകീട്ട് സ്‌കൂളില്‍ നിന്നെത്തിയ മിഹിര്‍ ഫ്‌ളാറ്റിന്റെ 26-ാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.

അതേസമയം മിഹിര്‍ നേരത്തെ പഠിച്ചിരുന്ന കാക്കനാട് ജെംസ് മോഡേണ്‍ അക്കാദമി സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെ സസ്‌പെന്‍ഡ് ചെയ്തു. വൈസ് പ്രിന്‍സിപ്പലില്‍നിന്ന് കുട്ടിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി.

ജെംസ് സ്‌കൂളിലും കുട്ടി റാഗിങ്ങിന് ഇരയായെന്നും കുട്ടിയെ മരണത്തിലേക്ക് നയിച്ചെത് ഇതാണെന്നും അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

മറ്റ് വിദ്യാര്‍ത്ഥികള്‍ മിഹിറിനെ വാഷ്‌റൂമില്‍ കൊണ്ടുപോയി ഉപദ്രവിക്കുകയും ക്ലോസറ്റില്‍ മുഖം താഴ്ത്തി ഫ്‌ലഷ് ചെയ്യിക്കുകയും നക്കിപ്പിക്കുകയും ചെയ്തതായി കുടുംബം പറഞ്ഞിരുന്നു. നിറത്തിന്റെ പേരിലും വിദ്യാര്‍ത്ഥിക്ക് അധിക്ഷേപം നേരിടേണ്ടിവന്നിരുന്നു.

സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളില്‍ നിന്നും കുട്ടി ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയായതായി പരാതിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.