കൂത്താട്ടുകുളത്ത് ഇടത് കൗണ്‍സിലറായ കലാരാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് ഇന്ന് കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കും. നിലവില്‍ അന്യായമായി സംഘം ചേര്‍ന്ന് പ്രകോപനമുണ്ടാക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് 45 പേര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം കലാരാജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിക്കലുള്‍പ്പെടെയുളള കൂടുതല്‍ വകുപ്പ് ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂടാതെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അക്രമം നടത്തിയവരെ കണ്ടെത്താനുളള നടപടിയെടുക്കും.
കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു സംഭവം നടന്നത്. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്തെ തുടര്‍ന്നാണ് കലാരാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ കടത്തിക്കൊണ്ടുപോയത്. തന്നെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്നും ഉപദ്രവിച്ചന്നെും ഭീഷണിപ്പെടുത്തിയെന്നും കലാ രാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചെയര്‍പേഴ്സനും വൈസ് ചെയര്‍പേഴ്സനും എതിരെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ, യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഎം നേതാക്കള്‍ ഏരിയ കമ്മിറ്റി ഓഫിസിലേക്ക് ബലമായി മാറ്റുകയായിരുന്നു. കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ഡോറിനിടയില്‍ കാല്‍ കുടുങ്ങിയ കാര്യം പറഞ്ഞപ്പോള്‍ അതെല്ലാം ഞങ്ങള്‍ മുറിച്ച് എത്തിച്ചേക്കാമെന്ന് ഒരു സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്നും കലാ രാജു വെളിപ്പെടുത്തിയിരുന്നു. മക്കളെ കാണണമെന്ന് പറഞ്ഞിട്ട് അവര്‍ കാണാന്‍ സമ്മതിച്ചില്ല. ഉന്തും തള്ളിനുമിടെ തനിക്ക് നെഞ്ചിന് പരുക്കേറ്റതിനാല്‍ നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ഗ്യാസിന്റെ മരുന്ന് മാത്രം തരികയും പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ഇത്രയും പ്രശ്‌നങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ തുടരണോ എന്ന് ആലോചിക്കേണ്ടി വരുമെന്നും കലാ രാജു സൂചിപ്പിച്ചിരുന്നു.