X

അധികാര വമ്പ് കാണിച്ച് പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്നത് ഇടത് സര്‍ക്കാരിന്റെ അതിമോഹം: പികെ കുഞ്ഞാലിക്കുട്ടി

അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് ഇടത് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് അതിമോഹമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സേവ് കേരള മാര്‍ച്ചിന്റെ പേരില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങള്‍ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തില്‍ വന്ന ഇടതുപക്ഷസര്‍ക്കാര്‍ ജനകീയ സമരങ്ങളോട് ഇപ്പോള്‍ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാര്‍ച്ചിനെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജയിലിലടക്കുകയും ചെയ്തു. അവര്‍ക്കെതിരിലെല്ലാം ഇല്ലാക്കഥകള്‍ ഉണ്ടാക്കിയാണ് കേസ്സെടുത്തത്. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ല. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരില്‍ ഇനിയും ഉച്ചത്തില്‍ സംസാരിക്കുകയും വേണ്ടിവന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യും. ജനാധിപത്യത്തെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും കഴിയില്ല എന്നോര്‍മിക്കണം. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അറസ്റ്റ് പക പോക്കലിന്റെ ഭാഗമാണെന്നും ഭയന്ന് പിന്മാറില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു. ജനകീയ സമരങ്ങളെ ഭയപ്പെടുത്തി ഒതുക്കാമെന്ന് പിണറായിയുടെ സര്‍ക്കാര്‍ കരുതേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

രാവിലെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് പാളയത്തെത്തിയപ്പോഴായിരുന്നു ഫിറോസിന്റെ അറസ്റ്റ്. ജനുവരി 18 ന് നടത്തിയ സേവ് കേരളമാര്‍ച്ചില്‍ ഫിറോസിനും മറ്റും പരിക്കേറ്റിരുന്നു. 28 പേരാണ് ഇപ്പോഴും റിമാന്‍ഡില്‍ കഴിയുന്നത്. ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തിയതിനാല്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ നിഷേധിച്ചത്.

webdesk13: